kar

ശ്രീനഗർ: ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേകപദവി റദ്ദാക്കിയതിന്റെ ഒരുവർഷം തികഞ്ഞ സാഹചര്യത്തിൽ പ്രശ്നബാധിതമേഖലകളിൽ കേന്ദ്രം രണ്ടുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി. മേഖലയിൽ കർശന സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പ്രത്യേകപദവി എടുത്തുമാറ്റിയ നീക്കം ചർച്ച ചെയ്യാനായി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള ഗുപ്കറിലെ വസതിയിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗം നടന്നില്ല. നിയന്ത്രണങ്ങൾകാരണം,​ പാർട്ടിനേതാക്കൾക്ക് യോഗസ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിയാത്തതുമൂലമാണിത്.

യോഗത്തിൽ പങ്കെടുക്കേണ്ട നേതാക്കളെ വീട്ടിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ തടവിലാക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ സംയുക്ത യോഗം ചേരുമെന്ന് നാഷണൽ കോൺഫറൻസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന്റെ നടപടിക്കെതിരെ സി.പി.എം. നേതാവ് യൂസുഫ് തരിഗാമിയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.