അയോദ്ധ്യ: മുന്നോട്ടു കുതിക്കുകയെന്ന ശ്രീരാമസന്ദേശമാണ് രാജ്യം നടപ്പാക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാമജന്മഭൂമിയിൽ ക്ഷേത്ര നിർമ്മാണത്തിന് വെള്ളിശില പാകിയതിനു ശേഷം പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. സബ് കാ സാത്ത് സബ് കാ വിശ്വാസ് എന്നത് നമ്മുടെ ആത്മവിശ്വാസത്തിന്റെ മന്ത്രമാണ്. ആത്മനിർഭര ഭാരതവുമാകണം നമ്മുടെ ലക്ഷ്യം. മര്യാദാപുരുഷനായ ശ്രീരാമനെ കൊവിഡിന്റെ പശ്‌ചാത്തലത്തിൽ സ്മരിക്കുന്നതിൽ പ്രാധാന്യമുണ്ട്. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും നമ്മൾ പാലിക്കേണ്ട മര്യാദകളാണെന്നും മോദി ഓർമ്മിപ്പിച്ചു. ശ്രീരാമ സർക്യൂട്ടിന് കേന്ദ്രസർക്കാർ രൂപം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാമന്റെ വലിയ വിജയങ്ങൾക്ക് ലഭിച്ചതുപോലെ, ശ്രീകൃഷ്‌ണനെ ഗോവർദ്ധനോദ്ധാരണത്തിന് സഹായിച്ചതു പോലെ, സ്വാതന്ത്ര്യസമരത്തിന് ഗാന്ധിജിക്കു ലഭിച്ചതുപോലെ സാധാരണക്കാരുടെ സഹായവും സംഭാവനകളും രാമക്ഷേത്ര നിർമ്മാണത്തിലുമുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന സത്യത്തിന്റെ ധാരയാണ് രാമനെന്ന് തുളസീദാസിന്റെയും കബീർദാസിന്റെയും ഗുരുനാനാക്കിന്റെയും സൃഷ്‌ടികളിൽ വ്യക്തമാണ്. മുസ്ളീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലും കംബോഡിയ, ലാവോസ്, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും രാമായണം പ്രശസ്‌തമാണെന്നും രാമനുമായി ബന്ധപ്പെട്ട പലതും ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും കാണാമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരാശി രാമനെ ആരാധിച്ചപ്പോഴെല്ലാം പുരോഗതി സദ്‌ഫലമായി. മാറി നടന്നപ്പോൾ നാശവും ഉണ്ടായി. ശ്രീരാമൻ ആധുനികതയുടെയും മാറ്റത്തിന്റെയും പ്രതീകമാണ്. എല്ലാവരുടെയും വികാരങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് സമഗ്രവികസനം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.