ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ലോകത്ത് ഏഴു ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് ബാധ തീവ്രമായിക്കൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കൊവിഡ് ഭയാനകമായ രീതിയില്‍ പടര്‍ന്നത്. ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളായിരുന്നു യൂറോപ്പില്‍ കൊവിഡിന്റെ രൂക്ഷമായ വ്യാപനത്തിന് ഇരയായത്. എന്നാല്‍ ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗ വ്യാപന തോത് നന്നേ കുറവായിരിക്കുകയാണ്.
ആഗോളതലത്തില്‍ ഏഴു ലക്ഷത്തോളം പേരുടെ ജീവന്‍ അപഹരിച്ച ഈ മാരക രോഗത്തിന് ഫലപ്രദമായ വാക്സിന്‍ ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല. പലരാജ്യങ്ങളിലും മരുന്ന് നിര്‍മ്മാണം വേഗത കൈവരിച്ചിട്ടുണ്ട്. പരീക്ഷണങ്ങളുടെ ഫലവും ആശ്വാസകരമാണ്. എന്നാല്‍ വാക്സില്‍ എത്താന്‍ വൈകുന്തോറും മരണസംഖ്യയും ഏറുകയാണ്. നിലവില്‍ ഓരോ മണിക്കൂറിലും ശരാശരി 247 പേരാണ് മരണപ്പെടുന്നത്. അതായത് ഓരോ 15 സെക്കന്‍ഡിലും ഒരാള്‍ കൊവിഡിന് ഇരയാകുന്നു. സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും രോഗ ബാധ ഏല്‍ക്കുന്നത് പരമാവധി തടയാനാവും, ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തുന്നത് വരെ രോഗം വരാതെ സൂക്ഷിക്കുവാന്‍ ശ്രദ്ധനല്‍കണമെന്നാണ് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്.