തൃശൂർ: ആയുർവേദത്തിന്റെ പെരുമയും നൂറ്റാണ്ടുകളുടെ പാരമ്പര്യവും ആധുനികകാലവുമായി കൂട്ടിയിണക്കിയ പ്രമുഖ ആയുർവേദ ചികിത്സകനായിരുന്നു ഇന്നലെ അന്തരിച്ച അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്. വൈദ്യരത്‌നം ആയുർവേദ മെഡിക്കൽ കോളേജിന്റെയും ഔഷധശാലയുടെയും നഴ്‌സിംഗ് ഹോമിന്റെയും ഗവേഷണ കേന്ദ്രത്തിന്റെയുമെല്ലാം സാരഥിയായ നാരായണൻ മൂസ്, ആറു പതിറ്റാണ്ടുകൾ കൊണ്ട് വൈദ്യരത്‌നത്തിന്റെ പ്രശസ്തി വാനോളമുയർത്തി. പെരുവനം ഗ്രാമത്തിലെ പ്രശസ്ത അഷ്ടവൈദ്യ കുടുംബമായ ഒല്ലൂർ തൈക്കാട്ടുശേരി എളേടത്ത് തൈക്കാട്ടു മനയിൽ 1933 സെപ്തംബർ 15ന് ഇ.ടി.നീലകണ്ഠൻ മൂസിന്റെയും കുട്ടഞ്ചേരി ഇല്ലത്തെ ദേവകി അന്തർജ്ജനത്തിന്റെയും മകനായാണ് നാരായണൻ മൂസിന്റെ ജനനം. വൈസ്രോയിയിൽ നിന്ന് വൈദ്യരത്‌നം ബഹുമതി ലഭിച്ച മുത്തച്ഛൻ ഇ.ടി. നാരായണൻ മൂസിന്റെ ചെറുമകനായ അദ്ദേഹത്തിന് 2010ൽ പത്മഭൂഷൺ ലഭിച്ചു. 1997ൽ പ്രധാനമന്ത്രി വാജ്‌പേയിയിൽ നിന്ന് ആയുർവേദത്തിലെ സമഗ്രസംഭാവനയ്ക്കുള്ള സ്വദേശി പുരസ്‌കാരം, അക്ഷയപുരസ്‌കാരം, കേന്ദ്ര സർക്കാരിന്റെ ചികിത്സാഗുരു, സംസ്ഥാന സർക്കാരിന്റെ ആചാര്യശ്രേഷ്ഠ, ചേംബർ ഒഫ് കോമേഴ്‌സ്, റോട്ടറി തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. നീലകണ്ഠൻ മൂസ് വൈദ്യരത്‌നം ഔഷധശാല തുടങ്ങുന്ന കാലത്ത് നാരായണൻ മൂസിന് എട്ടു വയസായിരുന്നു. തൈക്കാട്ടുശേരിയിൽ തുടങ്ങിയ നഴ്‌സിംഗ് ഹോമിന്റെ തുടർച്ചയായി, കോയമ്പത്തൂരിലും ബംഗളൂരുവിലും തിരുവനന്തപുരത്തും ചെന്നൈയിലെ അണ്ണാനഗറിലുമെല്ലാം ശാഖകളായി. ബംഗളൂരു കോറമംഗലയിൽ ട്രീറ്റ്‌മെന്റ് സെന്ററും പൊള്ളാച്ചിയിൽ ഔഷധനിർമ്മാണ യൂണിറ്റും തുടങ്ങി. 1976 ലാണ് ആയുർവേദ കോളേജ് ആരംഭിച്ചത്. ഇ.ടി. നീലകണ്ഠൻ മൂസ് ശതാഭിഷേക സ്മാരകമായി ഗവേഷണകേന്ദ്രം തുടങ്ങി.1991ൽ മുഖ്യമന്ത്രി കരുണാകരനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മ്യൂസിയം തൈക്കാട്ടുശേരിയിൽ സ്ഥാപിച്ചതും നാരായണൻ മൂസായിരുന്നു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമാണ് 2013 ഡിസംബർ 27ന് മ്യൂസിയം തുറന്നു കൊടുത്തത്.