tamil-nadu

ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 5,175 പുതിയ കൊവിഡ് 19 കേസുകൾ. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്. 112 പേരാണ് സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരിൽ നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കുഞ്ഞ്.

തമിഴ്‌നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം 2,73,460 ആയി. ആകെ മരിച്ചവർ 4,461 പേർ. ഇന്ന് ചെന്നൈയിൽ മാത്രം പുതിയ 1,044 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ 11,811 പേർ ചെന്നൈയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈയുടെ അയൽ ജില്ലകളായ ചെങ്കൽപ്പേട്ടിൽ 487, കാഞ്ചീപുരത്ത് 342, തിരുവള്ളൂരിൽ 472 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ രേഖപ്പെടുത്തിയത്.

ജൂലായ് 29ന് മധുരയിലെ ഗവൺമെന്റ് രാജാജി ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്. ഓഗസ്റ്റ് 2നാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് നാല് ദിവസം പ്രായമുള്ള കുട്ടി മരിച്ചത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലേക്ക് 1,000 കിടക്കകൾ കൂടി അധികം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി സി. വിജയ ഭാസ്കർ പറഞ്ഞു. ഇവിടെ നിലവിൽ കൊവിഡ് രോഗികൾക്കായി 1,000 കിടക്കകളാണുള്ളത്. രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ മാത്രം 15,000 ത്തോളം കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കി. ഇതിൽ ഗർഭിണികളായ 3,374 സ്ത്രീകളും ഉൾപ്പെടുന്നു.