തൃശൂർ: പ്രമുഖ ആയുർവേദ ചികിത്സകനും വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ് (87) അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് സംസ്ഥാന ബഹുമതികളോടെ നടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസം കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ അത്യാഹിത വിഭാഗത്തിലായിരുന്നെങ്കിലും ഞായറാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഭാര്യ: വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തർജനം. മക്കൾ: ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്, ഇ.ടി. പമേശ്വരൻ മൂസ്, ഇ.ടി. ഷൈലജ. (മൂന്നുപേരും വൈദ്യരത്നം ഡയറക്ടർമാർ). മരുമക്കൾ: ഹേമ, മിനി, ഭവദാസൻ നമ്പൂതിരി.