triumph-street

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കള്‍ ആയ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ പുത്തന്‍ ബൈക്ക് ലോഞ്ച് പരമ്പര അവസാനിച്ചിട്ടില്ല. റോക്കറ്റ് 3ആര്‍, പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍.എസ്, അഡ്വെഞ്ചര്‍ ബൈക്ക് മോഡലായ ടൈഗര്‍ 800-ന്റെ പിന്‍ഗാമി ടൈഗര്‍ 900 എന്നിവ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ലോഞ്ച് ചെയ്ത ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് റോഡ്സ്റ്റര്‍ ശ്രേണിയിലെ ബൈക്കുകളായ ബോണ്‍വില്‍ ടി 100, ബോണ്‍വില്‍ ടി 120 മോഡലുകളുടെ ബ്ലാക്ക് എഡിഷനും ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

ലോഞ്ച് ചെയ്ത് 3 മാസത്തിനുള്ളില്‍ 2020 സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍.എസ്സിന്റെ വില ട്രയംഫ് കൂട്ടിയിരുന്നു. 20,000 രൂപയാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ വര്‍ദ്ധിപ്പിച്ചത്. 11.13 ലക്ഷം വിലയുണ്ടായിരുന്ന 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍.എസ്സിന് ഇപ്പോള്‍ 11.15 ലക്ഷം ആണ് എക്സ്-ഷോറൂം വില. സ്ട്രീറ്റ് ട്രിപ്പിള്‍ ഒരല്‍പം കൂടെ വിലക്കുറവുള്ള മോഡല്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ മാസം 11-ന് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ മോഡലിനെ ട്രയംഫ് അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ വില്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ എസ്സിനും കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ആര്‍.എസ്സിനും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആറിന്റെ സ്ഥാനം. അപ്പ്-ഡൗണ്‍ ക്വിക്ക്ഷിഫ്റ്റര്‍, പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോവ സസ്പെന്‍ഷന്‍, മുന്‍പില്‍ ബ്രെമ്പോ എം4.32 ബ്രെയ്ക്ക് കാലിഫറുകള്‍, പിറെല്ലി ഡയാബ്ലോ റോസ്സോ ടയറുകള്‍ തുടങ്ങിയ പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ശ്രേണിയിലെ പ്രധാന ഫീച്ചറുകള്‍ ആര്‍ മോഡലിലും ഇടം പിടിച്ചിട്ടുണ്ട്. ആര്‍.എസ് മോഡലിലെ 765 സിസി എന്‍ജിന്‍ തന്നെയാണ് പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ മോഡലിലും. പക്ഷെ ഔട്പുട്ടില്‍ മാറ്റമുണ്ട്.

സ്ട്രീറ്റ് ട്രിപ്പിള്‍ ആറിന് ഏകദേശം 9.5 ലക്ഷത്തിനടുത്ത് എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.