ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് സിവിൽ സർവീസ് പരീക്ഷയുടെ ഫലം പുറത്തുവന്നത്. റാങ്ക് ജേതാക്കളുടെ വിജയഗാഥകളാണ് വാർത്താ മാദ്ധ്യമങ്ങളിലും ഇന്റർനെറ്റിലും തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഐശ്വര്യ ഷിയോറൺ എന്ന പെൺകുട്ടിയുടെ കഥയുമുണ്ട്. ഐശ്വര്യ തന്റെ ജീവിതത്തിൽ എത്തിപ്പിടിക്കുന്ന രണ്ടാമത്തെ നേട്ടമാണിത്. ആ രണ്ട് നേട്ടങ്ങളും രണ്ട് വ്യത്യസ്ത മേഖലകളിൽ നിന്നും.
ഓൾ ഇന്ത്യാ തലത്തിൽ 93ാം റാങ്കാണ് ഐശ്വര്യയ്ക്ക്. ഐശ്വര്യയുടെ കരിയറിലെ അതിശയിപ്പിക്കുന്ന മറ്റൊരു നേട്ടം എന്തെന്നാൽ 2016 മിസ് ഇന്ത്യാ മത്സരമാണ്. അന്നത്തെ മിസ് ഇന്ത്യാ ഫൈനലിസ്‌റ്റായിരുന്നു ഐശ്വര്യ. നടി ഐശ്വര്യാ റായ്‌യോടുള്ള ആരാധന കൊണ്ട് അമ്മയാണ് ഐശ്വര്യ എന്ന പേര് ഈ മിടുക്കിയ്ക്ക് നൽകിയത്. പേര് പോലെ തന്നെ സൗന്ദര്യ മത്സര്യങ്ങളിലും തിളങ്ങിയ ഐശ്വര്യ തന്റെ സ്വപ്നമായ സിവിൽ സർവീസ് നേടിയെടുക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയും ഫോണുമൊക്കെ മാറ്റിവച്ച് കഷ്ടപ്പെട്ട് പഠിച്ചാണ് ഐശ്വര്യയുടെ നേട്ടം. പരീക്ഷയിൽ മാത്രമായിരുന്നു ശ്രദ്ധ. ആദ്യ ശ്രമത്തിൽ തന്നെ ഐശ്വര്യ സിവിൽ സർവീസ് കൈപ്പിടിയിലൊതുക്കി എന്ന പ്രത്യേകതയുമുണ്ട്. ഡൽഹിയിലെ റാം കോളേജ് ഒഫ് കൊമേഴ്സിൽ നിന്നും ഇക്കണോമിക്സ് ബിരുദം സ്വന്തമാക്കിയ ഐശ്വര്യ സിവിൽ സർവീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2018ൽ ഇൻഡോർ ഐ.ഐ.എമ്മിൽ ലഭിച്ച അഡ്മിഷൻ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
2016ൽ ക്യാമ്പസ് പ്രിൻസസ് ഡൽഹി, 2015 ഫ്രഷ് ഫേസ് ഡൽഹി തുടങ്ങിയ കിരീടങ്ങളും ഐശ്വര്യ സ്വന്തമാക്കിയിരുന്നു. ഫാഷൻ മേഖലയിൽ തിളങ്ങുമ്പോഴും ചെറുപ്പകാലം മുതൽ ഐശ്വര്യയുടെ സ്വപ്നം സിവിൽ സർവീസായിരുന്നു. ' ബ്യൂട്ടി വിത്ത് ബ്രെയിൻ ' എന്നതിന്റെ മികച്ച ഉദാഹരണമായാണ് ഐശ്വര്യയെ എല്ലാവരും അഭിനന്ദിക്കുന്നത്. ഐശ്വര്യയുടെ പിതാവ് കേണൽ അജയ് കുമാർ കരിംനഗറിലെ എൻ.സി.സി ബറ്റാലിയനിലെ കമാൻഡിംഗ് ഓഫീസറാണ്.