mumbai

മുംബയ്: രണ്ടാം ദിവസവും മുംബയെ വെള്ളത്തിലാക്കി മഴ ശക്തം. ഇതുവരെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് ജാഗരൂകരായി ഇരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയ രത്നഗിരി, പാൽഘർ, കോലാപൂർ, താനെ, റായ്ഗഡ് ജില്ലകളിലെ കളക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. മൂന്നു വർഷത്തിനിടെയുണ്ടാകുന്ന അതിശക്തമായ മഴയാണിത്. ഇന്നലെ വൈകിട്ട് മഴയോടൊപ്പം കനത്ത കാറ്റുമുണ്ടായത് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. മഴയിലും കാറ്റിലും പലയിടത്തും വൈദ്യുതി വിതരണം നിലച്ചു. ദാദർ, സയൻ, പരേൽ, വിലേപാർലെ അടക്കം സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ശക്തമായ മഴ ഗതാഗതത്തെ പൂർണമായും താറുമാറാക്കി. സബർബൻ സർവീസുകൾ വ്യാപകമായി നിറുത്തിയതോടൊപ്പം മുംബയ് കോർപ്പറേഷൻ ബസുകളും തങ്ങളുടെ സർവീസുകൾ പലതും റദ്ദാക്കി.

വേലിയേറ്റമുണ്ടാകുന്നതോടെ സ്ഥിതി വീണ്ടും മോശമാകുമെന്ന ഭീതിയുള്ളതിനാൽ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആളുകൾ ബീച്ചുകളിലേക്കോ, താഴ്ന്ന പ്രദേശങ്ങളിലേക്കോ പോകരുതെന്ന് കോർപ്പറേഷൻ കർശന നിർദ്ദേശം നൽകി. കനത്ത മഴയും മണ്ണിടിച്ചിലും ട്രാക്കുകൾ തകർത്തതോടെ ലോക്കൽ ട്രെയിനുകൾ സർവീസ് നിറുത്തിയിരുന്നു. അടിയന്തര സേവനങ്ങളൊഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു. സ്‌കൂളുകളെ ക്യാമ്പുകളാക്കി മാറ്റാൻ നിർദ്ദേശിച്ചു. ചില താഴ്ന്ന പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലായതോടെ താത്കാലികമായി പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊവിഡ് മഹാമാരിക്ക് പിന്നാലെ മഴ കൂടി എത്തിയതോടെ ആകെ വലഞ്ഞിരിക്കുകയാണ് മുംബയ് നഗരം.