ലക്നൗ : നീണ്ടവര്‍ഷത്തെ തര്‍ക്കങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ട് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലാസ്ഥാപന കര്‍മ്മം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കുകയുണ്ടായി. ഇതോടെ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തിക്കും തുടക്കം കുറിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തെയും യുപിയുടേയും ഭരണകക്ഷിയായ ബി ജെ പിക്ക് ഭാവിയിലും നേട്ടമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍ രാമക്ഷേത്രം ഉയരുന്നതോടെ പട്ടിണി മാറുമോ എന്ന ചോദ്യമാണ് ഇതിനെ അനുകൂലിക്കാത്തവര്‍ ഉയര്‍ത്തുന്നത്. ഇതിനടക്കം മറുപടി പറയുകയാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം അയോദ്ധ്യയില്‍ രാമ ക്ഷേത്രം ഉയരുന്നതിലൂടെ നാടിനുണ്ടാകുന്ന നേട്ടത്തെ കുറിച്ച് വിവരിക്കുന്നത്.
അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുന്നതോടെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാവും എന്നാണ് യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്. ഇതോടെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് അടുത്തിടെ നടന്ന കുംഭമേളയെയാണ്. കുഭമേളയിലൂടെ സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ 1,20,000 കോടി രൂപയാണ് എത്തിയത്. കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണര്‍വേകാന്‍ ഇതിലൂടെ സാധിച്ചു. ഇതേ അനുഭവം അയോദ്ധ്യയിലും സംഭവിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. യു പിയില്‍ ഒന്നിലധികം പുണ്യ നഗരികളുണ്ട്. മുന്‍ സര്‍ക്കാരുകളുടെ സങ്കുചിതമായ മനസ്ഥിതി കാരണം ഈ മേഖലകളിലെ വികസനം നഷ്ടമായെന്നും അദ്ദേഹം ആരോപിക്കുന്നു. വാരണസി, മഥുര എന്നിങ്ങനെയുള്ള മേഖലകളെ കോര്‍ത്തിണക്കിയുള്ള ഭക്തി ടൂറിസത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തന്റെ സര്‍ക്കാര്‍ പ്രയത്നിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അയോദ്ധ്യ സന്ദര്‍ശിക്കുവാന്‍ മുന്‍ യു പി മുഖ്യമന്ത്രിമാര്‍ താത്പര്യം കാട്ടിയിരുന്നില്ലെന്നും, എല്ലാ വര്‍ഷവും നാലോ അഞ്ചോ തവണ താന്‍ സന്ദര്‍ശിക്കുമായിരുന്നുവെന്നും അഭിമുഖത്തില്‍ യോഗി വെളിപ്പെടുത്തുന്നു. മുന്‍പ് ഇവിടെ ദിവസം രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു വൈദ്യുതി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വൈദ്യുതി മുടങ്ങാറേയില്ലെന്നും നഗരത്തിന് കൈവരിച്ച നേട്ടമായി അദ്ദേഹം എടുത്തു കാട്ടുന്നു.