pic

അയോദ്ധ്യ: തിന്മയെ നശിപ്പിക്കാൻ യു.പി സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ വികാസ് ദുബെയുടെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 24 കോടി ജനങ്ങളെ സംരക്ഷിക്കുകയെന്നത് തന്റെ കടമയാണെന്നും സമൂഹത്തിൽ നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മകളെ ഇല്ലായ്മ ചെയ്യുമെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങുകൾക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വികാസ് ദുബെയ് മരണപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ ഫലങ്ങൾ വ്യക്തമായ ചിത്രം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണത്തിനായി സുപ്രീം കോടതി നേരത്തെ ജുഡീഷ്യൽ പാനൽ രൂപീകരിച്ചിരുന്നു. യു.പിയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞുവരുന്നുവെന്നും ക്രമസമാധാന നില മുമ്പത്തേതിനേക്കാൾ മികച്ച അവസ്ഥയിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ നൂറ് ശതമാനം വിജയിച്ചുവെന്നും അദ്ദഹം പറഞ്ഞു. പൊലീസ് സേനയുടെ ശക്തി വർദ്ധിപ്പിക്കുമെന്നും ഓരോ ജില്ലയിലും ഫോറൻസിക് പരിശോധനാ ലാബുകൾ സ്ഥാപിക്കുമെന്നും യോഗി ആദിത്യ നാഥ് അറിയിച്ചു.