അജ്മാൻ സിറ്റി: യു.എ.ഇയിലെ അജ്മാനിൽ വ്യാവസായിക മേഖലയിലുള്ള മാർക്കറ്റിൽ വൻ തീപിടിത്തം.
ഇന്നലെ വൈകിട്ട് ആറരയോടെയുണ്ടായ അഗ്നിബാധയിൽ വൻ നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. മലയാളികളടക്കം ഇവിടെ ജോലിചെയ്യുന്നുണ്ട്.
ഇൻഡസ്ട്രിയൽ ഏരിയയിലെ എ.സി ഗോഡൗണിൽ നിന്നുയർന്ന തീ പടർന്ന് വസ്ത്രങ്ങളും ബേക്കറികളും, ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഏഴു ഗോഡൗണുകൾ പൂർണമായി കത്തിനശിച്ചു. പെരുന്നാൾ പ്രമാണിച്ച് കൂടുതൽ സ്റ്റോക്ക് ഗോഡൗണുകളിലുണ്ടായിരുന്നെന്നും ഇതാണ് നഷ്ടത്തിന്റെ തോത് വർദ്ധിപ്പിച്ചതെന്നും അറിയുന്നു.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമന ഉദ്യോഗസ്ഥർ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ മറ്റു കടകളിലേക്ക് തീ പടർന്നില്ല.