rain

വയനാട് : ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനിടെ ഉരുള്‍പൊട്ടല്‍ സാദ്ധ്യത കണക്കിലെടുത്ത് 193 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 193 കുടുംബങ്ങളിലായി 807 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതകള്‍ മുന്നില്‍കണ്ടുളള മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി. കാവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും വരുന്നവരെ പ്രത്യേകമാണ് പാര്‍പ്പിച്ചിരിക്കുന്നത്. വരുന്ന 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 200ലധികം മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതോടെ മലയോര മേഖലയിലുള്ളവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

മേപ്പാടി ചൂരല്‍മല,മുണ്ടക്കൈ,തേറ്റമല എന്നിവിടങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതോടെ നിലമ്പൂര്‍ ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുണ്ട്. ഈ പുഴകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.