ശ്രീനഗര്‍ : ഭരണഘടനയില്‍ നിന്നും പ്രത്യേക പദവി നല്‍കിയിരുന്ന 370 അനുച്ഛേദം റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജി സി മുര്‍മു രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് അയച്ചതായും, തൊട്ടടുത്ത ദിവസം തന്നെ ഡല്‍ഹിയിലേക്ക് മാറുമെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മുര്‍മുവിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതായി സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ജമ്മുകാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയ ശേഷം നിയമിതനായ ആദ്യ ലെഫ്റ്റനന്റ് ഗവര്‍ണറാണ് ഇദ്ദേഹം. ബുധനാഴ്ച രാവിലെ മുതല്‍ ജി സി മുര്‍മു രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലും സംസ്ഥാനത്തിനകത്തും പ്രചരിച്ചിരുന്നു.
ഗുജറാത്ത് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ജി സി മുര്‍മു. കേന്ദ്ര ധനമന്ത്രാലയത്തിലും മുന്‍പ് അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. അതേസമയം രാജ്യത്തെ പുതിയ സി.എ.ജി ആയി സ്ഥാനമേറ്റെടുക്കുന്നതിെന്റ ഭാഗമായാണ് രാജിയെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലുള്ള സി.എ.ജി രാജീവ് മെഹ് ഋഷി ഈ ആഴ്ച വിരമിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മുര്‍മു സേവനമനുഷ്ഠിച്ചിട്ടുണ്ട്.