rain

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ ഇന്നും കനത്ത മഴ പെയ്യുകയാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർകോട് വരെയുള്ള മറ്റ് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെള്ളപ്പാച്ചിലിൽ മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തി. മുണ്ടേരിയിൽ താത്ക്കാലിക തൂക്കുപാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചുപോയ ശേഷം റവന്യു വകുപ്പ് നിർമ്മിച്ചു നൽകിയ താത്ക്കാലിക പാലമാണ് ഒലിച്ചുപോയത്. ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു.

ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകൾ ഇന്ന് കേരളത്തിലെത്തും. നാല് എൻ.ഡി.ആർ.എഫ് യൂണിറ്റുകൾ സംസ്ഥാനത്ത് ഇന്നലെ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഉരുൾപൊട്ടൽ വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ജില്ലയിൽ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആകെ 807 പേരെയാണ് ക്യാംമ്പുകളിലേക്ക് മാറ്റിയത്.

നിയന്ത്രിത മേഖലകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിൽ 12 പേർ മരിച്ച മേപ്പാടി പുതുമല മേഖലയിലും കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 15 സെന്റീമീറ്റർ ഉയർത്തി അധികവെള്ളം തുറന്ന് വിടാൻ തുടങ്ങി.