അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. നാൽപതോളം രോഗികളെ അപകടത്തെ തുടർന്ന് സമീപത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഐ.സി.യുവിൽ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചതെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
രോഗികളുടെ കുടുംബാംഗങ്ങളും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കൊവിഡ് രോഗികളുടെ മരണത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹം പോസ്‌റ്റ്മോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗുജറാത്തിൽ ഇതുവരെ 65,000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതിൽ 48,000 പേർ രോഗമുക്തി നേടി.