manoj-sinha-murmu

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മു കാശ്‌മീരിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. നിലവിലെ ലഫ്. ഗവർണർ ജി.സി. മുർമു രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ഉത്തർപ്രദേശിലെ ഘാസിപുരിൽ നിന്ന് രണ്ടു തവണ ലോക്‌സഭയിലെത്തിയിട്ടുള്ള മനോജ് സിൻഹ 2014-2019 കാലത്ത് ടെലികോം മന്ത്രിയായിരുന്നു.

ജമ്മു കാശ്‌മീരിന്റെ പ്രഥമ ലഫ്‌റ്റനന്റ് ഗവർണറായി ഒരു വർഷം പൂർത്തിയാക്കിയ ജി.സി മുർമു ഇന്നലെ രാജിവച്ചിരുന്നു. മുർമുവിന്റെ ഒഴിവിലേക്കാണ് മനോജ് സിൻഹ പുതിയ ലഫ്‌റ്റനന്റ് ഗവർണറാകുന്നത്. ജി. സി. മുർമു അടുത്ത കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണിത്.

1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഐ.എ.എസ് ഓഫീസറായ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. ജമ്മു കാശ്‌മീരിൽ ലഫ്‌റ്റനന്റ് ജനറലായി നിയമിക്കപ്പെടും മുമ്പ് ധനകാര്യ മന്ത്രാലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്.