rain-kerala

കോഴിക്കോട്: വടക്കൻകേരളത്തിൽ ശക്തമായ മഴ തുടരുന്നു. രണ്ട് കുട്ടികൾ ഉൾപ്പടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേർ മരിച്ചു. മലയോര മേഖലകളിൽ പലയിടത്തും ഉരുൾപ്പൊട്ടൽ ഭീഷണിയുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. നദികളുടെ സമീപ പ്രദേശങ്ങളിലുളളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെളളപ്പാച്ചിലിൽ പൂർണമായും മുങ്ങി. പാലത്തിലൂടെയുളള ഗതാഗതം നിറുത്തിവച്ചു. മുണ്ടേരിയിൽ താത്ക്കാലിക തൂക്കുപാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചുപോയ ശേഷം റവന്യു വകുപ്പ് നിർമ്മിച്ച താത്ക്കാലിക പാലമാണ് ഒലിച്ചുപോയത്. ഇതോടെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ട‌ അവസ്ഥയിലാണ്. മലപ്പുറത്ത് നിലമ്പൂരിലും ആഢ്യൻ പാറയിലും ഉരുൾപ്പൊട്ടലുണ്ടായി. ആളപായമുളളതായി റിപ്പോർട്ടില്ല. കുട്ടൻപുഴ, കടവൂർ, നേര്യമംഗലം ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുളളതിനാൽ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റാൻ നിർദേശിച്ചു. ജലനിരപ്പ് ഉയർന്നതിനാൽ കക്കയം ഡാമിന്റെ ഷർട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകൾ ഇന്ന് കേരളത്തിലെത്തും. നാല് എൻ.ഡി.ആർ.എഫ് യൂണിറ്റുകൾ സംസ്ഥാനത്ത് ഇന്നലെ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഉരുൾപൊട്ടൽ വെളളപൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.അതിനിടെ കേരളം ഉൾപ്പടെയുളള പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജലകമ്മിഷൻ വെളളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.