bijulal

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽ നിന്ന് സോഫ്‌റ്റ്‌വെയറിൽ കൃത്രിമം കാണിച്ച് 2.74 കോടി തട്ടിയ കേസിലെ മുഖ്യപ്രതിയും മുൻ സീനിയർ അക്കൗണ്ടന്റുമായിരുന്ന എം.ആർ.ബിജുലാൽ ക്രമക്കേട് നടത്തിയത് പരീക്ഷണങ്ങൾക്ക് ശേഷം. ഡിസംബർ 23ന് ആയിരുന്നു ആദ്യമായി ബിജുലാൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. അന്ന് 3000 രൂപയാണ് ട്രഷറിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. 2700 രൂപയുണ്ടായിരുന്ന തന്റെ ഓഫീസ് അക്കൗണ്ടിൽ നിന്ന് 3000 അയയ്ക്കാൻ സാധിച്ചു. ബാലൻസ് 300 എന്നും കാണിച്ചു. പിന്നെ 10,000 രൂപ അയച്ചു. അപ്പോൾ ബാലൻസ് 10,300 എന്നും കാണിച്ചു. സോഫ്റ്റ് വെയറിന്റെ ഈ ന്യൂനത മുതലെടുത്തായിരുന്നു തട്ടിപ്പ്. പണം മാറ്റിയതിന് പിന്നാലെ ഇതിന്റെ ഇലക്ട്രോണിക് രസീത് കമ്പ്യൂട്ടറിൽ നിന്ന് മായ്ക്കുകയും ചെയ്തു. പിന്നീട് ഏറെ നാൾ കഴിഞ്ഞിട്ടായിരുന്നു അടുത്ത തട്ടിപ്പ് നടത്തിയത്. ഈ കാലയളവിനുള്ളിൽ സോഫ്‌റ്റ്‌വെയറിലെ പിഴവ് ആരും കണ്ടെത്തിയില്ലെന്നും ഉറപ്പാക്കി. തട്ടിപ്പ് പുറത്താകില്ലെന്നും പിടിക്കപ്പെടില്ലെന്നും ഉറപ്പായതോടെ പിന്നീട് നിരവധി തവണയായി പണം പിൻവലിക്കുകയായിരുന്നു.

74 ലക്ഷം തട്ടി

ഇക്കൊല്ലം ജൂലായ് വരെ പലതവണയായി 74 ലക്ഷം രൂപയാണ് ബിജുലാൽ തന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയത്. മേയ് 31ന് സർവീസിൽ നിന്ന് വിരമിച്ച മുൻ ട്രഷറി ഓഫീസർ ഏപ്രിൽ 15 മുതൽ ലീവിലായിരുന്നു. മാർച്ച് അവസാനം ലോക്ക് ഡൗണുള്ള ദിവസം ഓഫീസിൽ നിന്ന് അദ്ദേഹം പുറത്തുപോയപ്പോൾ സിസ്റ്റം ഓഫ് ചെയ്യാൻ ബിജുലാലിനെ ഏൽപിച്ചു. അതിനായി അദ്ദേഹം തന്റെ പാസ്‌വേഡ് നൽകി. ഇത് ഓർത്തു വച്ചാണ് പിന്നീട് ബിജു തട്ടിപ്പ് നടത്തിയത്. ആദ്യം തട്ടിയെടുത്ത 74 ലക്ഷം രൂപ ഭാര്യയ്ക്ക് ആഭരണം വാങ്ങാനും സഹോദരിക്ക് ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകാനുമാണ് ഉപയോഗിച്ചത്. രണ്ട് കോടി രൂപ വെട്ടിക്കുന്നതിന് മുമ്പ് 60,​000 രൂപ കൂടി വെട്ടിക്കാൻ ശ്രമിച്ചെങ്കിലും, ട്രഷറി ഓഫീസർ പരാതി നൽകുമെന്ന് പറഞ്ഞതോടെ പിൻമാറി.

വിജിലൻസ് അന്വേഷണം നടത്തിയേക്കും

ട്രഷറിയിലെ തട്ടിപ്പിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നത് സർക്കാർ സജീവമായി പരിഗണിക്കുന്നു. ട്രഷറി വകുപ്പിലെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കുന്ന അഡിഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളും. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. തട്ടിപ്പുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അന്വേഷണം വേണമെന്നാണ് സിപിഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജുലാൽ നടത്തിയ ക്രമക്കേടുകളെ കുറിച്ച് മാത്രമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്. എന്നാൽ ആക്ഷേപങ്ങൾ വ്യാപകമായതോടെ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് മേൽ സമ്മർദ്ദമേറി.