തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ മുഖ്യ പ്രതികളിലാെരാളായ സ്വപ്ന സുരേഷിനെതിരെ ആദായനികുതിവകുപ്പ് അന്വേഷണം തുടങ്ങി. കേസ് അന്വേഷിക്കുന്ന എൻ ഐ എയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം നടത്താൻ ആദായനികുതിവകുപ്പ് തീരുമാനിച്ചത്. സ്വപ്നയ്ക്ക് രണ്ട് കോടിയുടെ ആസ്തി ഉണ്ടെന്ന് എൻ ഐ എ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം ഉളളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും ആസ്തി ഉണ്ടെങ്കിലും സ്വപ്ന ആദായ നികുതി അടച്ചിരുന്നില്ല.
അതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കസ്റ്റഡിയിലുള്ള സ്വപ്നയുടെയും മറ്റും സ്വത്തുക്കൾ കണ്ടുകെട്ടാനുളള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ബാങ്കുകളിൽനിന്ന് ഇവരുടെ ഇടപാടുകളെപ്പറ്റിയുളള വിവരങ്ങൾ ശേഖരിക്കുകയാണ്.
പ്രതികളുടെ സാമ്പത്തികനേട്ടവും വിദേശനിക്ഷേപം ഉണ്ടോയെന്നതും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. സ്വർണക്കടത്തിന് ഹവാലപ്പണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചത്.