തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരുംകുളം പളളം സ്വദേശി ദാസനാണ് മരിച്ചത്. ഇയാൾക്ക് വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. മരണശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രാേഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെയും ആയിരം കടന്നു. 1195 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 971 പേർ സമ്പർക്ക രോഗികളാണ്. 79 പേരുടെ ഉറവിടം അറിയില്ല. അതേസമയം 1234 പേർ രോഗമുക്തരായി. പ്രതിദിന രോഗവ്യാപനനിരക്കിൽ കാര്യമായകുറവുണ്ടായിട്ടില്ലെങ്കിലും രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടുന്നത് ഗുണകരമായ മാറ്റമായാണ് വിലയിരുത്തുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശത്ത് നിന്നും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് ഇന്നലെ 274 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.