അഹമ്മദാബാദ്: കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തെ കണ്ണീരിലാഴ്‌ത്തുന്നതായി ഇന്ന് അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ ദാരുണമായി വെന്തുമരിച്ച സംഭവം. കൊവിഡ് ബാധിച്ച് ഗുരുതര നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന എട്ടു പേരാണ് വിധിയുടെ കറുത്ത കൈകളിൽ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ വെന്തുമരിച്ചത്.
പുലർച്ചെ 3.30നായിരുന്നു അപകടമെന്നതിനാൽ തന്നെ കൊവിഡ് പ്രതിരോധ മരുന്നുകളുടെ ശക്തി കാരണം അർദ്ധബോധാവസ്ഥയിലായിരുന്ന രോഗികൾക്ക് ഒന്ന് അനങ്ങാൻ പോലുമായില്ല. വിശ്രമമില്ലാത്ത ജോലി കാരണം ഡോക്ടർമാരും നഴ്സുമാരും തളർന്ന അവസ്ഥയിലായിരുന്നു. തീപിടിത്തത്തിന്റെ കാരണമോ ഉറവിടമോ അറിയില്ല. പൊടുന്നനെ തീപിടിച്ചതോടെ കടുത്ത പുക ശ്വസിച്ച രോഗികൾ ഞെട്ടിയുണർന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ അവർ ഒന്നുറക്കെ കരയാൻ പോലും പറ്റാതെ അഗ്നിയുടെ സംഹാരതാണ്ഡവത്തിന് മുന്നിൽ പിടഞ്ഞുവീണു. ഫയർഫോഴ്സും രക്ഷാപ്രവർത്തകരും എത്തുമ്പോൾ വെന്തുരുകിയ മാംസങ്ങൾ നീറിപ്പുകയുകയായിരുന്നു. കാണുന്നവരുടെ നെഞ്ച് പിളർക്കുന്ന കാഴ്ചയായിരുന്നു ഐ.സി.യുവിൽ. അത്യാധുനിക സംവിധാനങ്ങളുള്ള ഐ.സി.യു ഒരു നിമിഷം കൊണ്ട് ചാരം മൂടി.
50 പേരെ കിടത്തിചികിത്സിക്കാനുള്ള ആശുപത്രിയിൽ 45 രോഗികളാണ് ഉണ്ടായിരുന്നത്. മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നതിനിടെ ഫയർഫോഴ്സ് അതിവേഗത്തിൽ ശേഷിച്ച രോഗികളെ രക്ഷിച്ചു. അവരെയും കൊണ്ട് ആംബുലൻസുകൾ സർദാർ വല്ലഭായി പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സൈറൺ മുഴക്കി പായുകയായിരുന്നു.