തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായി പാലിക്കേണ്ട നിയന്ത്രണങ്ങളടങ്ങിയ പുതിയ സർക്കുലർ ഡിജിപി ലോക്‌നാഥ് ബെഹ്റ പുറത്തിറക്കി. വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കണം. സൂപ്പർമാർക്കറ്റുകളിൽ ഒരേ സമയം ആറ് പേരെ മാത്രമേ അനുവദിക്കാവൂ. വലിയ സൂപ്പർ മാർക്കറ്റുകളിൽ 12 പേരെ അനുവദിക്കാം. ബാങ്കുകൾ ഇടപാടുകാർക്ക് നേരത്തെ തന്നെ സമയം അനുവദിച്ച് വിവരം അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഐജി മുതലുളള ഉദ്യോഗസ്ഥർക്ക് സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ ചുമതലപ്പെടുത്തി.
വ്യാപാര സ്ഥാപനങ്ങളിൽ വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ ജോലിക്കായി നിയോഗിക്കാവൂ. കാത്തുനിൽക്കുന്ന ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കാൻ കടകൾക്ക് മുന്നിൽ വൃത്തം വരക്കണം. പരമാവധി കുറവ് സമയമേ ഇവിടെ ഉപഭോക്താക്കൾ ചിലവഴിക്കാവൂ. ചെറിയ കടകളിലും ഈ നിർദ്ദേശങ്ങൾ ബാധകമാണ്. സാമൂഹിക അകലം കർശനമായി പാലിക്കപ്പെടണം.
ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഉൾക്കൊളളുന്ന പോസ്റ്ററുകൾ കടകളുടെ മുന്നിൽ പതിക്കാൻ നൽകിയിരുന്ന നിർദ്ദേശം പലയിടത്തും പാലിച്ചതായി കാണുന്നില്ല. കടകൾക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റർ പതിക്കേണ്ടിയിരുന്നത്. ഇക്കാര്യം നേരിട്ട് പരിശോധിക്കാൻ പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽടീമിനെ ഏർപ്പെടുത്തിയെന്നും സർക്കുലറിൽ പറയുന്നു.