കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. പവന് 120 രൂപ വർദ്ധിച്ച് 41,320 രൂപയായി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 1040 രൂപയാണ് സ്വർണത്തിന് വില കൂടിയത്. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കൊവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നതും യു.എസ്.-ചൈന വ്യാപാര തർക്കവും ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നങ്ങളും ഡോളറിന്റെ മൂല്യവുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. പണിക്കൂലി, മൂന്ന് ശതമാനം ജി.എസ്.ടി, 0.25 ശതമാനം പ്രളയ സെസ് എന്നിവ കൂടിയാകുമ്പോൾ സ്വർണം വാങ്ങാൻ 46,000 രൂപയാകും. സംസ്ഥാനത്ത് ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വർദ്ധനയാണ് പവന് കൂടിയത്.
ജൂലായ് മുതലുള്ള കണക്കെടുത്താൽ 5,520 രൂപയുടെ വർദ്ധനയാണ് ഇതുവരെയുണ്ടായത്. അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,039.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന പ്രിയം ഏറിയതോടെ ഓഹരി-കടപ്പത്രങ്ങളിൽ നിന്ന് പണം പിൻവലിച്ച് ഗോൾഡ് ഇ.ടി.ഫിലേക്ക് ( എക്‌സ്ട്രാ ചേഞ്ച് ഫണ്ട് ) ഒഴുക്കുകയാണ് നിക്ഷേപകർ.