യുവതാരങ്ങളിൽ വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്
ടൊവിനോ തോമസ്. ഒാരോ സിനിമയിലും വേഷവിധാനത്തിലും
അഭിനയത്തിലും കഴിയുന്നത്ര വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്ന
ആളാണ് ടൊവിനോ. സിനിമ മാത്രം ഹൃദയത്തിലുള്ള ടൊവിനോയുടെ പുത്തൻ
വിശേഷങ്ങളിലേക്ക്..
ഓരോ സിനിമയിലും വ്യത്യസ്ത ലുക്കാണല്ലോ?
ലുക്കിലും പ്രമേയത്തിലും വ്യത്യസ്തത വേണമെന്ന് നിർബന്ധമുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുത്.പിന്നെ സ്വയം ബോറടിക്കരുത്. കൂടുതൽ കഷ്ടപ്പെട്ടത് ഗോദയിലെ ലുക്കിനു വേണ്ടിയാണ്. അതിൽ ഒരു ഗുസ്തിക്കാരന്റെ ശരീരം രൂപപ്പെടുത്തിയെടുക്കണമായിരുന്നു. അതിനായി ഗുസ്തി പഠിക്കുകയും ചെയ്തു.
വില്ലനിൽ നിന്ന് നായകനാവാൻ എളുപ്പമായിരുന്നോ?
അതിനായി കരിയർ പ്ളാൻ ചെയ്തിട്ടൊന്നുമില്ല. നടൻ ആകണമെന്നായിരുന്നു ആഗ്രഹം. വില്ലൻ, നായകൻ എന്നതൊക്കെ യാത്രയുടെ ഒരു ഭാഗമായിട്ടേ കാണുന്നുള്ളൂ. സഹനടൻ, കൊമേഡിയൻ തുടങ്ങിയ വേഷങ്ങളും ചെയ്തു. ഒരു വേഷവും മറ്റൊന്നിനോട് സാമ്യമുള്ളതാവരുതെന്നേയുള്ളൂ.
സൗഹൃദങ്ങളാണോ മലയാളത്തിൽ പുതിയ സിനിമകളുണ്ടാക്കുന്നത്?
അങ്ങനെ പൂർണമായി പറയാൻ കഴിയില്ല. വിജയങ്ങളിൽ സൗഹൃദത്തിനും വലിയ സ്ഥാനമുണ്ട്. സുഹൃത്തുക്കളുടെ സിനിമ മാത്രം ചെയ്യുകയെന്നത് എന്നെക്കൊണ്ട് പറ്റാത്ത കാര്യമാണ്. വ്യത്യസ്തമായ സിനിമകൾ ചെയ്യാനാണ് ആഗ്രഹം.
സിനിമ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?
പ്രത്യേകിച്ചൊരു മാനദണ്ഡമില്ല. കഥ കേൾക്കുമ്പോഴുണ്ടാകുന്ന ഒരു തോന്നലിൽ നിന്നാണ് അത് വേണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത്. ആ സിനിമയിൽ എനിക്കെന്താണ് ചെയ്യാനുള്ളതെന്നും നോക്കാറുണ്ട്.
എൻജിനിയറിംഗ് ഉപേക്ഷിച്ചു വന്നയാൾക്ക് സിനിമയുടെ എൻജിനിയറിംഗ് പിടികിട്ടിയോ?
സാങ്കേതികമായിട്ടുള്ള കാര്യങ്ങൾ പറ്റില്ലെന്നു തോന്നിയപ്പോഴാണ് ക്രിയേറ്റിവായ മേഖലയിലേക്ക് തിരിഞ്ഞത്. അതാവുമ്പോൾ പ്രത്യേകിച്ച് തിയറിയൊന്നുമില്ലല്ലോ.
സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താരാണ്?
ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാലും അഭിപ്രായം അറിയാനൊക്കെ എപ്പോഴും ആശ്രയിക്കുന്നത് സംവിധായകൻ രൂപേഷ് പീതാംബരനെയാണ്. ഞാനദ്ദേഹത്തിന്റെ തീവ്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. യു ടൂ ബ്രൂട്ടസിൽ അഭിനയിച്ചിട്ടുമുണ്ട്.
യുവതാരങ്ങളെല്ലാം സൗഹൃദത്തിലാണ്. നിവിൻ പോളിയെ സിനിമയിൽ വരുന്നതിന് മുമ്പേ എനിക്കറിയാം.കണ്ടാൽ സംസാരിക്കുന്ന രീതിയിലുള്ള സൗഹൃദം ഞങ്ങൾ തമ്മിലുണ്ട്. പൃഥ്വിരാജിനൊപ്പം മൂന്ന് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സഹപ്രവർത്തകൻ എന്നതിനെക്കാൾ ഒരു സുഹൃത്തെന്നോ ചേട്ടനെന്നോ ഉള്ള രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നിട്ടുള്ള ആളാണ് അദ്ദേഹം. തീവ്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നത് മുതൽ ദുൽഖറിനെ അറിയാം. എ.ബി.സി.ഡിയിലും ചാർലിയിലും ഒരുമിച്ച് അഭിനയിച്ചു. അമ്മ സംഘടനയിലേക്കുള്ള എന്റെ നോമിനേഷനിൽ ഒപ്പിട്ടത് ദുൽഖർ സൽമാനും പൃഥ്വിരാജ ുമാണ്. ആസിഫും ഞാനും ഒരു സിനിമയിലേ ഒന്നിച്ച് അഭിനയിച്ചുള്ളൂ. എങ്കിലും നല്ല സൗഹൃദമാണ്.
യുവനായകന്മാർ തമ്മിൽ മത്സരമുണ്ടോ?
ഞാൻ വന്നിരിക്കുന്നത് മത്സരിക്കാനല്ല. ആരെയെങ്കിലും വെട്ടിച്ച് മുന്നിലെത്തണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ബാക്കിയെല്ലാവരും നല്ല രീതിയിൽ നിന്നാലും എന്റെ സ്പേസ് ഇവിടെത്തന്നെയുണ്ടാകും. സ്വന്തം ജോലി വൃത്തിയായി ചെയ്യുകയാണ് പ്രധാനം.ഓരോ കഥാപാത്രവും അതിന് അനുയോജ്യരായവർ ചെയ്യുമ്പോൾ നന്നായിരിക്കും. നല്ലതെല്ലാം എനിക്ക് വേണമെന്ന് പറയുന്നത് ശരിയല്ലല്ലോ. എല്ലാവരും ചേർന്ന് ഇൻഡസ്ട്രിയെ വളർത്തിക്കൊണ്ടു വരുന്നതായിട്ടാണ് തോന്നുന്നത്. ആർക്കും ഒറ്റയ്ക്ക് നിലനില് പില്ല.
സിനിമയിൽ വന്നതിന് ആരോടെങ്കിലും കടപ്പാടുണ്ടോ?
ഒരുപാട് പേരോടുണ്ട്. ഉദാഹരണത്തിന് എന്റെ ചേട്ടൻ. ജോലിയിൽ നിന്ന് രാജിവച്ച സമയത്ത് സാമ്പത്തികമായും മാനസികമായും ഏറ്റവും പിന്തുണച്ചത് ചേട്ടനാണ്. എങ്ങനെയാണ് സിനിമയിൽ ചാൻസ് ചോദിക്കേണ്ടതെന്ന് പറഞ്ഞു തന്നത് ജിജോയ് പി.ആർ എന്ന നാടക പ്രവർത്തകനാണ്. അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനാണ്.
പൗലോ കൊയ്ലോ ആൽക്കമിസ്റ്റിൽ പറഞ്ഞതു പോലെ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് യാഥാർത്ഥ്യമാക്കാൻ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും. അതെന്റെ കാര്യത്തിൽ സത്യമാണ്. അപ്രതീക്ഷിതമായി എന്നെ സഹായിച്ച അപരിചതർ പോലുമുണ്ട്.
നായകനായിട്ട് മാത്രമേ ഇനി അഭിനയിക്കുകയുള്ളോ?
അങ്ങനൊന്നുമില്ല. നായകനായിട്ട് അഭിനയിക്കുന്ന സിനിമ നാട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യും?എനിക്ക് വേറെ തൊഴിലൊന്നും അറിയുകയുമില്ല. അതുകൊണ്ട് നായക വേഷമാണോയെന്നു നോക്കിയല്ല സിനിമകളെ വേർതിരിക്കുന്നത്. നല്ല സിനിമയാണോ മോശം സിനിമയാണോ എന്നതാണ് പ്രധാനം.
അഭിനേതാവിനു വേണ്ട പ്രധാനപ്പെട്ട ഗുണം?
ഓരോരുത്തർക്കും ഓരോ രീതിയാണ്. ജന്മവാസന ഉണ്ടെങ്കിൽ നല്ലതാണ്. കഠിനാദ്ധ്വാനം ഉണ്ടെങ്കിലും നല്ലതാണ്. ഇത് കൂടിയും കുറഞ്ഞും നിൽക്കും. അടിസ്ഥാനപരമായി അഭിനയിക്കാൻ അറിയണം.