തിരുവനന്തപുരം: ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. പൂവച്ചൽ ഗ്രാമ പഞ്ചായത്തിനു കീഴിലെ മുണ്ടുകോണം, പൊന്നെടുത്താക്കുഴി, പെരിങ്ങമല ഗ്രാമ പഞ്ചായത്തിനു കീഴിലെ ഇടിഞ്ഞാർ, കിളിമാനൂർ ഗ്രാമപഞ്ചായത്തിനു കീഴിലെ മലയമഠം, കല്ലിയൂർ ഗ്രാമപഞ്ചായത്തിനു കീഴിലെ ഓഫീസ് എന്നീ വാർഡുകളെയാണ് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചത്. ഈ വാർഡുകളോട് ചേർന്നുളള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം.
ഈ പ്രദേശങ്ങളിൽ പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ലെന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുളള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 274 പേരിൽ 248 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. പൂന്തുറ, വിഴിഞ്ഞം എന്നീ സ്ഥലങ്ങളിൽ രോഗവ്യാപന സാദ്ധ്യത കുറയുന്നുണ്ട്. എന്നാൽ അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 പരിശോധനകൾ നടത്തിയതിൽ 203 എണ്ണം പോസിറ്റീവായി. കളളിക്കാട്, വെളളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യമുണ്ട്. മൂന്നിടങ്ങളിലും പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം,നഗരത്തിലെ ലോക്ക് ഡൗൺ ഇന്നവസാനിക്കാനിരിക്കെ കൂടുതൽ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.അടുത്ത ദിവസങ്ങളിൽ രോഗവ്യാപനത്തെക്കാളും രോഗമുക്തി നിരക്ക് ഉയർന്നതോടെ നഗരത്തിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നതടക്കമുളള കാര്യങ്ങൾ അധികൃതരുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനുളളിൽ 838പേരാണ് രോഗമുക്തരായത്. ഇതിൽ ഏറിയ പങ്കും നഗരവാസികളാണെന്നതാണ് നേരിയ ആശ്വാസം. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തീരദേശ മേഖലകളിലും കൂടുതൽ ഇളവുകൾ നൽകാൻ സാദ്ധ്യതയുണ്ട്. ട്രോളിംഗ് നിരോധനം കഴിഞ്ഞ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് 7മുതൽ അനുമതിയും നൽകിയിട്ടുണ്ട്. ഇതിന് പുറമെ കടകൾ തുറക്കുന്നതടക്കമുളള കാര്യങ്ങളും പരിഗണിക്കും. ഇപ്പോൾ രാവിലെ 7 മുതൽ വൈകിട്ട് 7വരെയാണ് നഗരത്തിലെ കടകളുടെ പ്രവർത്തനസമയം.ഹോട്ടലുകൾക്ക് പാഴ്സൽ വിതരണത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും 50ശതമാനം ഹോട്ടലുകളും നഷ്ടം പേടിച്ച് തുറന്നിട്ടില്ല. ഇരുന്ന് കഴിക്കാനുളള സൗകര്യം നൽകണമെന്ന് അസോസിയേഷനുകളും മാളുകളടക്കമുളളവയ്ക്ക് മാനദണ്ഡങ്ങളോടെ ഇളവനുവദിക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.