
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായി എൻ ഐ എ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുന്നു. മൂവാറ്റുപുഴ സ്വദേശി ജലാൽ ഉൾപ്പടെയുളള രണ്ട് പ്രതികളുമായി തമ്പാനൂരിലെ നക്ഷത്ര ഹോട്ടലിലാണ് തെളിവെടുപ്പ് നടത്തുന്നത്. സ്വർണക്കൈമാറ്റത്തിലും ഗൂഢാലോചനയിലും പ്രതികൾ പങ്കാളികളായിരുന്നു എന്നത് കൂടുതൽ സാധൂകരിക്കാനാണ് തെളിവെടുപ്പ് എന്നാണ് റിപ്പോർട്ട്. സ്വർണക്കടത്തിലെ കണ്ണികളുമായി ബന്ധമുളളതും കൈമാറ്റം നടത്തുന്നതും ജലാലായിരുന്നു എന്ന് നേരത്തേ വ്യക്തമായിരുന്നു.
അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്‌നയ്‌ക്ക് സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ കോടതിയിൽ അറിയിച്ചു. കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്നയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ശിവശങ്കർ സ്വപ്‌നയുടെ അഭ്യുദയാകാംക്ഷിയാണെന്നും സ്‌പേസ് പാർക്കിൽ ജോലി വാഗ്ധാനം ചെയ്‌തത് ശിവശങ്കറാണെന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. സ്വപ്‌നയ്‌ക്ക് വിദേശത്തും സ്വാധീനമുണ്ട്. രാജിവച്ച ശേഷവും അവർക്ക് ആയിരം ഡോളർ കോൺസുലേറ്റ് പ്രതിഫലം നൽകിയിരുന്നു. പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടാൻ സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു എന്നും എൻ. ഐ എ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ പ്രതികൾക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെ എൻ. ഐ എയ്ക്ക് കണ്ടെത്താനായില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ പറയുന്നത്. മുഖ്യമന്ത്രിയെ അറിയാം എന്നുമാത്രമാണ് സ്വപ്ന പറഞ്ഞതെന്നും അഭിഭാഷകൻ വ്യക്തമാക്കി. നേരത്തേ പ്രതികൾക്കെതിരെ യു എ പി എ ചുമത്താനുളള സാഹചര്യം വ്യക്തമാക്കാനും കേസ് ഡയറി ഹാജരാക്കാനും എൻ. ഐ എയോടെ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാഗികമായ കേസ് ഡയറി മാത്രമാണ് എൻ ഐ എ ഹാജരാക്കിയെന്നാണ് ലഭിക്കുന്ന വിവരം.