ayurvedic

തൃശൂർ: ക്വാറന്റൈനിൽ കഴിയവെ ഭാരതീയ ചികിത്സാവകുപ്പിന്റെ 'അ​മൃ​തം' പ​ദ്ധ​തി പ്രകാരം ആയുർവേദ മരുന്ന് കഴിച്ച 1,01,218 പേരിൽ കൊ​വി​ഡ് ബാ​ധി​ത​രാ​യ​ത് 342 പേ​ർക്ക് മാത്രം(0.0342 ശതമാനം). ഇവരിൽ ആരും ഗു​രു​ത​രാ​വ​സ്ഥ​യി​ലായില്ല. മേയ് 21 മുതൽ ജൂലായ് 8 വരെയുള‌ള കണക്കാണിത്. സംസ്ഥാനത്ത് 443 സമ്പർക്ക രോഗികൾ ഉൾപ്പെടെ 5,527 പേർക്കായിരുന്നു അന്ന് രോഗം.ആയുർവേദ മരുന്ന് കഴിച്ച് രോഗത്തെ പ്രതിരോധിച്ചവരുടെ കണക്ക് അന്തർദ്ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിക്കാനാണ് ആയുർവേദ കൊവിഡ് 19 റെസ്‌പോൺസ് സെല്ലിന്റെയും ഭാരതീയചികിത്സാ വകുപ്പിന്റെയും ശ്രമം.

സാമൂഹിക വ്യാപന മുന്നറിയിപ്പിനെ തുടർന്നാണ് ആയുർവേദ പ്രതിരോധ മരുന്നുകൾ ഉപയോഗിക്കുന്ന ക്വാറന്റൈനിൽ ഉള്ളവരുടെ പ്രതിരോധശേഷി പഠിക്കാൻ തീരുമാനിച്ചത്.

മരുന്ന് കഴിക്കുന്നവരുടെയും കഴിക്കാത്തവരുടെയും വിവരം ഡിസ്പെൻസറികളിൽ നിന്ന് ശേഖരിക്കുന്നതാണ് പഠനരീതി.

ആയുർവേദ മരുന്ന് ഉപയോഗിച്ചയാൾ പോസിറ്റീവ് ആയാൽ അതിന് എടുത്ത സമയവും തീവ്രതയും പഠിക്കും. ദിവസവും ഗൂഗിൾ ഫോം വഴി ഡോക്ടർമാർ വിവരം അയയ്‌ക്കും.കേസ് ഷീറ്റുകളും സൂക്ഷിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവർക്ക് ആയുർവേദ മരുന്ന് നൽകുന്നില്ല. നെഗറ്റീവ് ആയ ശേഷം ആരോഗ്യം വീണ്ടെടുക്കാൻ 'പുനർജനി' പദ്ധതിയുണ്ട്.

നാട്ടിലെത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നവർക്ക് 14 ദി​വ​സ​ത്തേ​ക്കു​ള്ള ക​ഷാ​യം, ഗു​ളി​ക, ചൂ​ർണം തുടങ്ങിയവ

ന​ൽകുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർക്കായി ദി​വ​സേ​ന ക​ഷാ​യം തയ്യാറാക്കും. 28 ദിവസം വരെ നിരീക്ഷിക്കും. മരുന്ന് കഴിക്കാൻ താൽപ്പര്യമുണ്ടെന്ന സമ്മതപത്രം വാട്സ് ആപ്പിലൂടെ ശേഖരിക്കുന്നുണ്ട്. 1206 ആയുർരക്ഷാ ക്ലിനിക്കുകൾ വഴിയാണ് പദ്ധതി നടപ്പാക്കുക. സന്നദ്ധപ്രവർത്തകർ, ആശാ വർക്കർമാർ, വിദ്യാർത്ഥികൾ, റാപിഡ് റെസ്പോൺസ് ടീം എന്നിവരിലൂടെയാണ് മരുന്ന് എത്തിക്കുന്നത്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പദ്ധതി.