മുംബയ്: പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം സമീർ ശർമ്മ ആത്മഹത്യ ചെയ്ത നിലയിൽ. മുംബയിൽ അദ്ദേഹത്തിന്റെ വാടക അപ്പാർട്ടുമെന്റിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് രണ്ടുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ടുമെന്റിലെ കാവൽക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. നാൽപ്പത്തിനാലുവയസായിരുന്നു. അടുത്തിടെയാണ് സമീർ ഇവിടെ താമസമാക്കിയത്.
യെ റിഷ്ദ ഹെ പ്യാർ കാ എന്ന പരമ്പരയിൽ അഭിനയിച്ചുവരികയായിരുന്ന സമീർ ശർമ്മ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കഹാനി ഖർ ഖർ കീ, കബി ബഹു ദീ എന്നിവയാണ് ഇവയിൽ ചിലത്.
സമീർ ശർമ്മയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം ഉടൻ ആരംഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.
സുഷാന്ത് സിംഗ് രജ്പുത് ഉൾപ്പടെ സിനിമാ സീരിയൽ രംഗത്തെ നിരവധി പ്രമുഖർ ഈവർഷം ജീവനൊടുക്കിയിരുന്നു. സുഷാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.