ബീജിംഗ്: 27 വർഷങ്ങൾക്കു ശേഷം സാംഗ് യുഹുവാനു മുന്നിൽ ജയിലിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറന്നു. ചൈനയിലെ ഏറ്റവും വലിയ നീതിനിഷേധത്തിന്റെ കാലമാണ് ഇതോടെ അവസാനിച്ചത്. ചെയ്യാത്ത കൊലപാതക കുറ്റത്തിനാണ് ജിംഗ്സിയാംഗ് സ്വദേശി സാംഗ് 27 വർഷം മുൻപ് പൊലീസ് പിടിയിലായത്. രണ്ട് ആൺകുട്ടികളെ കൊന്നുവെന്ന കുറ്റത്തിനാണ് അന്ന് 22കാരനായ സാംഗിനെ അറസ്റ്റ് ചെയ്തത്. സാംഗ് കുറ്റസമ്മതം നടത്തിയെന്നും പൊലീസ് റെക്കാഡിൽ എഴുതിച്ചേർത്തു. 23 വർഷങ്ങൾക്കു ശേഷം 2017ലാണ് തന്റെ കേസ് റീ ഓപ്പൺ ചെയ്യണമെന്നാവശ്യപ്പെട്ട് സാംഗ് യുഹുവാൻ ജിയാംഗ്സി ഹയർ പ്യൂപ്പിൾ കോർട്ടിൽ ഹർജി സമർപ്പിച്ചത്. താൻ നിരപരാധിയാണെന്നും അന്ന് പൊലീസ് സമ്മർദ്ദതന്ത്രം ഉപയോഗിച്ച് കുറ്റം അടിച്ചേൽപ്പിച്ചതാണെന്നും സാംഗ് നൽകിയ ഹർജിയിൽ പറയുന്നു. ഇതോടെയാണ് കേസ് തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. തുടർന്ന് സാംഗ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ സാംഗിനെ എത്രയും പെട്ടന്ന് മോചിപ്പിക്കാനും ജിയാംഗ്സി കോടതി ഉത്തരവിട്ടു. ഇതോടൊപ്പം അന്യായമായി ഒരു നിരപരാധിയെ 9778 ദിവസം ജയിലിടച്ചതിന് പരിഹാരമായ സാംഗിന് 67000 യു.എസ് ഡോളർ (എകദേശം 5 കോടി ഇന്ത്യൻ രൂപ) നൽകാനും കോടതി ഉത്തരവിൽ പറയുന്നു.