indiachina

ന്യൂഡൽഹി: ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ കാശ്‌മീർ വിഷയം ഉന്നയിക്കാൻ പാകിസ്ഥാനെ മുൻനി‌ർത്തി ചൈന നടത്തിയ ശ്രമത്തിന് തിരിച്ചടി. കാശ്‌മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാർഷികത്തിലാണ് കാശ്‌മീർ വിഷയം സുരക്ഷാ കൗൺസിലിൽ ചർച്ച ചെയ്യാൻ ശ്രമം നടത്തിയത്. എന്നാൽ കൗൺസിലിൽ ശ്രമം വിജയിച്ചില്ല. ഇത്തരം ഫലമില്ലാത്ത ശ്രമങ്ങൾ ചൈന ഉപേക്ഷിക്കണമെന്നും മ‌റ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൈനയ്‌ക്ക് ശക്തമായ മറുപടി നൽകി.

ഇത് ആദ്യമായല്ല ചൈന ഇന്ത്യയുടെ ആഭ്യന്തരമായ വിഷയം അന്താരാഷ്‌ട്ര തലത്തിൽ ചർച്ച ചെയ്യാൻ ശ്രമിക്കുന്നതെന്നും മുൻപും അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രദ്ധ കിട്ടാൻ ഇത്തരത്തിൽ വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

ലഡാക്കിൽ ഇന്ത്യൻ സേനയുമായി പ്രശ്‌നം ഉണ്ടായതുമുതൽ കാശ്‌മീർ വിഷയം അന്താരാഷ്‌ട്ര തലത്തിൽ സജീവമാക്കി നിർത്താൻ ചൈന ശ്രമിച്ചിട്ടുണ്ട്. ജമ്മു കശ്‌മീരിന്റെ പുനസംഘടനയിലും ചൈന അതൃപ്‌തരായിരുന്നു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാൻ തീരുമാനിച്ചതിനെ ചൈനീസ് ഭരണകൂടം വിമർശിച്ചിരുന്നു. ലഡാക്കിലെ വിവിധ പ്രദേശങ്ങളിലെ ഉടമസ്ഥാവകാശം ചൈന മുൻപ് ഉന്നയിച്ചിരുന്നു. തുടർന്ന് പലതവണ യു.എൻ സുരക്ഷാ കൗൺസിലിൽ കാശ്‌മീർ വിഷയം ചർച്ച ചെയ്യാൻ ചൈന ശ്രമിച്ചു. എന്നാൽ വിവിധ ലോകരാജ്യങ്ങൾ ഈ നീക്കം തള‌ളിക്കളയുകയാണ് ഉണ്ടായത്.