swapna-arrest

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പരാതി നൽകിയ ഉദ്യോഗസ്ഥനെ എയർ ഇന്ത്യ സസ്പെൻഡുചെയ്തു. എൽ എസ് സിബുവിനെയാണ് മാദ്ധ്യമങ്ങളോട് സംസാരിച്ചു എന്നാരോപിച്ച് സസ്പെൻഡുചെയ്തത്. സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം നൽകിയ വ്യാജപരാതിയെ തുടർന്ന് കേസിൽ അകപ്പെടുകയും ഹൈദരാബാദിലേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സിബു. തന്റെ പേരിൽ ആരോപിക്കപ്പെട്ട കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം സ്വപ്ന സുരേഷിനെതിരെ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. കേസിൽ എയർ ഇന്ത്യ സാറ്റ്സിലെ മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്.

2015 ജനുവരിയിലാണ് എയർ ഇന്ത്യ സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ പേരിൽ വ്യാജപരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടർക്ക് ലഭിക്കുന്നത്. 2015 മാർച്ചിൽ സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലംമാറ്റി. പരാതി പരിഗണിച്ച എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി തന്റെ വാദങ്ങൾ പരിഗണിക്കാതെ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടർന്നാണ് സിബു ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്.

തുടർന്നുളള അന്വേഷണത്തിൽ സ്വപ്ന സുരേഷാണ് പാർവതി സാബു എന്നപേരിൽ നീതു മോഹൻ എന്ന പെൺകുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്നയെ ചോദ്യം ചെയ്തപ്പോൾ, സാറ്റ്സിൽ ജോലി ചെയ്യുന്ന വേളയിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേർന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായി മൊഴി നൽകി. പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്നയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.