എന്നെ ഒരു യാചകനാക്കരുതേ... പ്ളീസ്. ഇങ്ങനെ യാചിക്കുന്നത് മറ്രാരുമല്ല, ഒരു നായ്ക്കുട്ടിയാണ്. തന്റെ ഉടമസ്ഥ കഴിക്കുന്ന പോപ്കോണിൽ നിന്ന് ഒരു പങ്ക് തനിക്ക് ലഭിക്കും എന്ന പ്രതീക്ഷയിൽ ഉടമസ്ഥയെ ഉറ്റ് നോക്കി കൊണ്ടിരിക്കുകയാണ് കക്ഷി. എന്നാൽ, ഉടമസ്ഥയാകട്ടെ ഇതൊന്നും ഗൗനിക്കാതെ പോപ്കോൺ അകത്താക്കുകയാണ്.
നെവാഡയിലെ ലാസ് വെഗാസിൽ നിന്നുള്ള ക്രിസ്റ്റൻ കറ്റോ എന്ന യുവതിയുടെ നായ്ക്കുട്ടിയാണ് താരം. ക്രിസ്റ്റൻ പോപ്കോൺ കഴിച്ചു കൊണ്ട് ടി.വി കാണുന്ന സമയത്താണ് തന്റെ നായ്ക്കുട്ടിയുടെ നോട്ടം ക്രിസ്റ്റന്റെ ശ്രദ്ധയിൽ പെട്ടത്. ഒട്ടും വൈകാതെ തന്നെ ക്രിസ്റ്റൻ അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
പോപ്കോണിലുള്ള തന്റെ ശ്രദ്ധയ്ക്ക് ഒരു തടസവും അനുഭവപ്പെടാത്ത രീതിയിൽ മൂക്ക് ഒരു കംഫർട്ടറിൽ താങ്ങി നിർത്തി കൊണ്ട് പോപ്കോണിനെ ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്ന ബീഗീൽ - കോർജി മിക്സ് നായ്ക്കുട്ടിയെ വീഡിയോയിൽ കാണാൻ സാധിക്കും.
ക്രിസ്റ്റൻ ഓരോ തവണയും പാത്രത്തിലേക്ക് കൈ വയ്ക്കുമ്പോഴും ക്രിസ്റ്റന്റെ കൈയുടെ ചലനത്തിന് അനുസരിച്ച് നായ്ക്കുട്ടിയുടെ കണ്ണുകൾ മാത്രം ചലിക്കും. തലയാകട്ടെ അൽപ്പംപോലും അനങ്ങുന്നുമില്ല.
തന്റെ കണ്ണ് ഒന്ന് ചിമ്മിയാൽ ഉടമ തനിക്ക് തന്റെ പങ്ക് തരാതിരുന്നാലോ എന്ന സംശയത്തിനാലാണ് നായ്ക്കുട്ടി അതിൽ തന്നെ ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്നത്. ഏറെ നേരമായി പോപ്കോണിനായി കാത്തിരിപ്പ് തുടങ്ങിയിട്ടും ഉടമ തന്റെ പങ്ക് നൽകാത്തതിൽ ദേഷ്യം ഉണ്ടായിട്ടും അതൊന്നും പുറത്ത് കാട്ടാതെ വളരെ സൗമ്യനായി തന്നെ തന്റെ പ്രതിക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് കക്ഷി. അവസാനം നായ്ക്കുട്ടിയുടെ ദയനീയാവസ്ഥയ്ക്ക് മുന്നിൽ തോറ്റ ക്രിസ്റ്റൻ, തന്റെ പോപ്കോണിൽ നിന്ന് ഒരു പങ്ക് നായ്ക്കുട്ടിയ്ക്ക് നൽകി. നായ്ക്കുട്ടിയുടെ ഈ ക്ഷമാശീലവും തല ചലിപ്പിക്കാതെയുള്ള കണ്ണിന്റെ ചലനവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു.