china

ബീജിംഗ് : ലോകം മുഴുവൻ കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിലാണ്. ലോകമെമ്പാടും വാക്സിൻ ട്രയലുകളും നടന്നു കൊണ്ടിരിക്കുകയാണ്. വാക്സിൻ ട്രയൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പല ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും ഓഹരികൾ ഉയർന്നിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം ഒരു ചൈനീസ് കമ്പനിയുടേതാണ്. തങ്ങൾ വികസിപ്പിച്ച ഒരു കൊവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് ചൈനയിലെ ഡ്രഗ് റെഗുലേറ്റർ അംഗീകാരം ലഭിച്ചതായി ജൂൺ അവസാനം ചോംഗ്ക്വിംഗ് ഷെയ്ഫെയ് ബയോളജിക്കൽ പ്രൊഡക്ട്സി കോപ്പറേഷൻ അറിയിച്ചിരുന്നു. അന്നുമുതൽ കമ്പനിയ്ക്കുണ്ടായിരിക്കുന്നത് 80 ശതമാനം ഓഹരി വർദ്ധനവാണ്. ചൈനീസ് സ്റ്റോക്ക് മാർക്കറ്റിൽ ഏറ്റവും മികച്ച പ്രകടനമാണ് കമ്പനി കാഴ്ച വയ്ക്കുന്നത്.

മാത്രമല്ല, ബ്ലൂംബർഗിന്റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം, ഷെയ്ഫെയ്‌യുടെ ചെയർമാനായ ജിയാംഗ് റെൻഷെംഗിന്റെ സമ്പാദ്യം 19.3 ബില്യൺ ഡോളറിലേക്ക് കുതിക്കുകയും ചെയ്തു. ടെക്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിന്നുള്ള ഭീമൻമാർ അടക്കി ഭരിക്കുന്ന ചൈനയിലെ ഏറ്റവും വലിയ പത്ത് കോടീശ്വരൻമാരുടെ പട്ടികയിലേക്ക് ജിയാംഗ് റെൻഷെംഗിന് എത്താൻ ഇനി അധികം സമയം വേണ്ടി വരില്ല. ജൂലായ് മാസം മാത്രം ജിയാംഗിന്റെ ആസ്തി ഇരട്ടിയായി വർദ്ധിച്ചിരുന്നു. നിലവിൽ ലോകത്തെ 500 സമ്പന്നർക്കിടയിലെ ഏറ്റവും വേഗതയേറിയ മുന്നേറ്റമാണ് ജിയാംഗിന്റേത്. 66 കാരനായ ജിയാംഗിന്റെ ഉടമസ്ഥതയിലാണ് ഷെയ്ഫെയ്‌യുടെ 56 ശതമാനം ഓഹരിയും.

അതേ സമയം, സമ്പത്തല്ല വിജയത്തിന്റെ യഥാർത്ഥ അളവുകോലെന്നും സമൂഹത്തോടുള്ള ഉത്തരവാദിത്വമാണെന്നും മുമ്പ് ജിയാംഗ് പറഞ്ഞിട്ടുണ്ട്. ഇൻഫ്ലുവെൻസ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകൾ ജിയാംഗിന്റെ ഷെയ്ഫെയ് കമ്പനിയിൽ നിർമിക്കുന്നുണ്ട്. 2020ന്റെ ആദ്യത്തെ ആറുമാസത്തിൽ 1.5 ബില്യൺ യുവാന്റെ അറ്റാദായമാണ് ഷെയ്ഫെയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം വർദ്ധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. ഷെയ്ഫെയ്‌യുടെ കൊവിഡ് വാക്സിൻ ഇപ്പോൾ ഒന്നും രണ്ടും ക്ലിനിക്കൽ ട്രയലുകളിലൂടെയാണ് കടന്നുപോകുന്നത്.


വാക്സിൻ രംഗത്തേക്കുള്ള ഷെയ്ഫെയ് കമ്പനിയുടെ ചുവട്‌വയ്പ് ചെയർമാനായ ജിയാംഗ് റെൻഷെംഗിന് മാത്രമല്ല നേട്ടമുണ്ടാക്കിയിരിക്കുന്നത്. കമ്പനിയുടെ മുൻ ഡയറക്ടർ ആയ വു ജുവാൻജിയാംഗിനും വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വു ജുവാൻജിയാംഗിന് കമ്പനിയിൽ 8 ശതമാനം ഓഹരിയാണുള്ളത്. കമ്പനിയുടെ മൂല്യം ഉയർന്നതോടെ വു ജുവാൻജിയാംഗിന്റെ ആസ്തി 4.5 ബില്യൺ ആയി ഇരട്ടിച്ചു. ഷെയ്ഫെയ് മാത്രമല്ല, മറ്റ് ചൈനീസ് മരുന്ന് നിർമാതാക്കളുടെയും മൂല്യത്തിൽ വൻ കുതിച്ചുച്ചാട്ടമാണ് കൊവിഡ് കാലത്തുണ്ടായിരിക്കുന്നത്.