roopa

ബംഗളൂരു: അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് പേരെടുത്ത ഐ.പി.എസ് ഉദ്യോഗസ്ഥയായ രൂപയ‌്‌ക്ക് പുതിയ ചുമതല നൽകി കർണാടക സർക്കാർ‌. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയായാണ് രൂപ‌യ്ക്ക് നിയമനം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ സ്ഥാനത്തേയ്ക്ക് എത്തുന്ന ആദ്യ വനിതയാണ് രൂപ. 2000 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ് രൂപ.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി..എം.കെ. മുൻനേതാവ് വി.കെ. ശശികലയ്ക്ക് വി.ഐ.പി. പരിഗണന ലഭിച്ചെന്ന് അന്ന് ജയിൽ ഡി.ഐ.ജി.യായ രൂപ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പിന്നീട് വൻവിവാദത്തിനിടയാക്കി. വി.ഐ.പി സൗകര്യം ലഭിക്കുന്നതിന് ജയിൽ ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന റിപ്പോർട്ട് ജയിൽവകുപ്പിൽ അഴിച്ചുപണിക്കിടയാക്കി. തുടർന്ന് സർക്കാരിന് അന്വേഷണത്തിന് ഉത്തരവിടേണ്ടതായും വന്നു. പിന്നീട് അന്വേഷണ കമ്മിഷനും രൂപയുടെ കണ്ടെത്തലുകൾ ശരിവച്ചു.

റെയിൽവേ പൊലീസ് ഐ.ജി സ്ഥാനമാണ് രൂപ നിലവിൽ വഹിച്ച് കൊണ്ടിരുന്നത്. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഉമേഷ് കുമാറിനെ ക്രിമിനൽ അന്വേഷണവിഭാഗം എ.ഡി.ജി.പിയായും നിയമിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള രൂപ അഖിലേന്ത്യാ തലത്തിൽ 43ആം റാങ്കോട് കൂടിയാണ് സിവിൽ സർവീസ് പാസായത്.