kochi

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയേയും ഐ.ടി നഗരമായ ബംഗളൂരുവിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി മുടന്തി നീങ്ങുന്നു. കഴിഞ്ഞ സെപ്തംബറിൽ ഇടനാഴിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഇപ്പോഴും മറ്റ് നടപടികളൊന്നും മുന്നോട്ട് നീങ്ങിയിട്ടില്ല. പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം അടുത്തിടെ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.

സമ്മതപത്രത്തിന് അംഗീകാരമായില്ല

പദ്ധതിയ്ക്കായുള്ള സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റും ഷെയർ ഹോൾഡർ എഗ്രിമെന്റും കേരളം തയ്യാറാക്കിയെങ്കിലും കേന്ദ്രം ഇതുവരെ അത് അംഗീകരിച്ചിട്ടില്ല. അംഗീകാരം വേഗത്തിൽ നൽകണമെന്നാവശ്യപ്പെട്ട് അഡിഷണൽ ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ വേണം ഈ സമ്മതപത്രങ്ങൾ തയ്യാറാക്കാൻ എന്നുള്ളതിനാലാണ് കേന്ദ്രത്തിന് അയച്ചത്. സമ്മതപത്രത്തിന് അംഗീകാരം ലഭിക്കുന്നതും കാത്തിരിക്കുകയാണ് കേരളം.

വ്യവസായ ഇടനാഴി

ഡൽഹി-മുംബയ്, ചെന്നൈ-ബംഗളൂരു, ബംഗളൂരു-മുംബയ്, അമൃത്‌സർ-കൊൽക്കത്ത, ഈസ്റ്റ് -കോസ്റ്റ് ഇക്കണോമിക് കോറിഡോർ തുടങ്ങിയവയുടെ ചുവടുപിടിച്ച് കേരളം വിഭാവനം ചെയ്തതാണ് കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തിൽ ഇതിനായി പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന് അപേക്ഷ നൽകിയത്. കിൻഫ്രയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ഇതുവരെ പാലക്കാട് 1800 ഏക്കർ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ പദ്ധതി റിപ്പോർട്ട് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെ (നിക്ഡിറ്റ്) പരിഗണനയിലാണ്. അവരാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി അന്താരാഷ്ട്ര ഏജൻസിയെ കണ്ടെത്തുക. ഏജൻസി തയ്യാറായി കഴിഞ്ഞാൽ സമ്മതപത്രം ഒപ്പിടും. മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ എട്ട് മാസത്തോളം വേണ്ടിവരും. അതിനുശേഷം എൻജിനീയറിംഗ്,​ നിർമ്മാണ ജോലികളും വികസന പ്രവർത്തനങ്ങളും തുടങ്ങും. ഇടനാഴിയിൽ ഫാക്ടറികളും മറ്റും സ്ഥാപിക്കാൻ താൽപര്യമുള്ള നിക്ഷേപകരെ ഇതോടൊപ്പം തന്നെ ആകർഷിക്കും. ഫണ്ട് നൽകുന്നത് കേന്ദ്രവും സ്ഥലം ഏറ്രെടുത്ത് നൽകുന്നത് സംസ്ഥാനവുമാണ്.

22,000 പേർക്ക് തൊഴിൽ

പ്രത്യക്ഷത്തിൽ 10,000 കോടിയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി വരുമ്പോൾ പ്രത്യക്ഷത്തിൽ 22,000 പേർക്കും പരോക്ഷമായി 80,000 പേർക്കും തൊഴിൽ ലഭിക്കും. സംസ്ഥാനത്തിന് പ്രതീക്ഷിക്കുന്ന പ്രതിവർഷ വരുമാനം 585 കോടി.

പദ്ധതി ഇങ്ങനെ

 കൊച്ചിയിൽ നിന്ന് പാലക്കാട്, കോയമ്പത്തൂർ മേഖലകളിലൂടെ കടന്നുപോകും

 ബംഗളൂരു വരെ 550 കിലോമീറ്റർ

 ഇടനാഴിയുടെ ഭാഗമായി വ്യവസായ ക്ലസ്റ്ററുകൾ ഉണ്ടാകും

 നിക്ഷേപ മേഖലകൾ വികസിപ്പിക്കും

 റോഡ്, റെയിൽ, തുറമുഖം, വിമാനത്താവളം എന്നിങ്ങനെ വിവിധ ഗതാഗത മേഖലകളുമായി ഇടനാഴിയെ ബന്ധിപ്പിക്കും

 ഓരോ പ്രദേശത്തും വിവിധ വ്യവസായങ്ങൾക്ക് ക്ലസ്റ്ററുകൾ

 വ്യവസായശാലകൾ തുടങ്ങാനുള്ള അനുമതി വേഗത്തിലാക്കും