ഇസ്ലാമബാദ് : പ്രതിഭയിൽ സച്ചിനൊപ്പം വരില്ലെങ്കിലും കഠിനാധ്വനം കൊണ്ട് തന്റെ പരിമിതികളെ മറികടന്നയാളാണ് രാഹുൽ ദ്രാവിഡെന്ന് മുൻ പാക് നായകൻ റമീസ് രാജ. സച്ചിനോളം പ്രതിഭയുണ്ടായിരുന്ന താരമല്ല രാഹുൽ ദ്രാവിഡ്. പക്ഷേ കഠിനാധ്വാനം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പമെത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സ്‌പോർട്സ് ക്രീഡയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ രാജ പറഞ്ഞു. കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടും ടീമിലെ മികച്ച ബാറ്റ്‌സ്മാനായി മാറാൻ കഴിഞ്ഞില്ലെങ്കിൽ അത് ആരെയും നിരാശരാക്കും. എന്നിട്ടും പല സന്ദർഭങ്ങളിലും സച്ചിനെ പോലും നിഷ്പ്രഭനാക്കാൻ ദ്രാവിഡിന് കഴിഞ്ഞു. ശരിക്കും നമ്മൾ ദ്രാവിഡിനെ ബഹുമാനിച്ചേ പറ്റൂ.
വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ ദ്രാവിഡ് മികച്ച ബാറ്റ്സ്മാനായിരുന്നു, അദ്ദേഹത്തിന്റെ പ്രതിരോധം പാറ പോലെ ഉറച്ചതായിരുന്നു. ഒരു താരത്തിന്റെ മഹത്വം വിലയിരുത്തപ്പെടുന്നത് ഡ്രസിംഗ് റൂമിലാണ്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ഒരു താരം തങ്ങളെ നിരാശപ്പെടുത്തില്ലെന്നും 30-50 റൺസെങ്കിലും നേടുമെന്നും ടീം ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ കാര്യം- ദ്രാവിഡ് അങ്ങനത്തെ താരമായിരുന്നു റമീസ് ചൂണ്ടിക്കാട്ടി.
സച്ചിനെന്ന ഇതിഹാസം ടീമിലുണ്ടായിരുന്നപ്പോഴും ആരാധക മനസുകളിൽ തന്റേതായ സ്ഥാനം നേടാൻ അദ്ദേഹത്തിനായിയെന്നും റമീസ് പറഞ്ഞു. 2001ൽ ഈഡനിൽ ആസ്ട്രേലിയക്കെതിരെ കളിച്ച ഇന്നിംഗ്സും 1999 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 153 റൺസുമെല്ലാം അദ്ദേഹത്തിന്റെ കഴിവിനെ തുറന്നുകാണിച്ച ഇന്നിംഗ്സുകളാണെന്ന് റമീസ് കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കായി 164 ടെസ്റ്റിൽ നിന്ന് 52.31 ശരാശരിയിൽ 13,288 റൺസും 344 ഏകദിനങ്ങളിൽ നിന്ന് 39.16 ശരാശരിയിൽ 10,889 റൺസും ദ്രാവിഡ് നേടി.