വാഷിംഗ്ടൺ: ആഗോളതലത്തിൽ കാശ്മീർ വിഷയം വീണ്ടും ഉയർത്തികൊണ്ടുവരാനുള്ള പാകിസ്ഥാന്റെ ശ്രമം തള്ളി ഐക്യരാഷ്ട്രസഭാ രക്ഷാസമിതി. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരം കാണേണ്ട വിഷയമാണിതെന്ന് രക്ഷാസമിതി ആവർത്തിച്ചു. ഈ നിലപാട് തന്നെയാണ് ഇന്ത്യക്കുമുള്ളത്.
ചർച്ചയിൽ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ രാജ്യങ്ങളും ഇന്ത്യൻ നിലപാടിനെ പിന്തുണച്ചെന്നും ചൈന പാകിസ്ഥാനെ പിന്തുണച്ചെന്നുമാണ് റിപ്പോർട്ട്.
പാകിസ്ഥാന്റെ മറ്റൊരു ശ്രമം കൂടി പരാജയപ്പെട്ടതായി യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെടേണ്ടെന്നും ഇതാദ്യമായല്ല ചൈന ഇപ്രകാരം ചെയ്യുന്നതെന്നും അപ്പോഴൊന്നും രാജ്യാന്തര പിന്തുണ അവർക്ക് ലഭിച്ചിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താക്കൾ പറഞ്ഞു.