വാഷിംഗ്ടൺ: അരിയെത്ര എന്ന് ചോദിച്ചാൽ പയറ് അഞ്ഞാഴി എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. അതിനെ അന്വർത്ഥമാക്കുന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള വാർത്ത. വരുന്ന നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ഗായകൻ കാന്യ വെസ്റ്റിനെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ എനിക്ക് അയാളുടെ ഭാര്യയെ ആണ് ഇഷ്ടം എന്നായിരുന്നു ട്രംപിന്റെ മറുപടി. കന്യയുടെ ഭാര്യയും മോഡലുമായ കിം കർദാഷിയാൻ ഒരു നല്ല ഹൃദയത്തിനുടമയാണെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു.
താൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന് ഒരു മാസം മുൻപാണ് കാന്യ വെസ്റ്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അതിനോട് ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ട്രംപ്. അമേരിക്കയിലെ ജയിലുകളിൽ വളരെക്കാലമായി കഴിയുന്ന തടവുകാരെ വിട്ടയയ്ക്കാൻ സർക്കാരിനോട് കിം ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് അവരെ പുകഴ്ത്തിയത്. എന്നാൽ, അത് കാന്യയ്ക്കുള്ള പിന്തുണയായി തെറ്റിദ്ധരിക്കരുതെന്ന് ട്രംപിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ട്രംപിനും എതിർസ്ഥാനാർത്ഥി ജോ ബൈഡനും ചിലയിടങ്ങളിലെങ്കിലും ഭീഷണിയുയർത്താൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് കാന്യയെന്നാണ് വിലയിരുത്തൽ. ഇരുവർക്കും ഭൂരിപക്ഷം അവകാശപ്പെടാനില്ലാത്ത ചില പ്രദേശങ്ങൾ കാന്യയ്ക്ക് കൈപ്പിടിയിലൊതുക്കാൻ കഴിയുമെന്നും നിരൂപകർ വിലയിരുത്തുന്നു.