കൊൽക്കത്ത: സി.പി.എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ ശ്യാമൽ ചക്രബർത്തി കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 29 മുതൽ കൊവിഡ് രോഗബാധിതനായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ബംഗാളിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ ശ്യാമൽ ചക്രബർത്തി 1982 മുതൽ 1996 വരെ മൂന്ന് തവണ ബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. രണ്ട് തവണ രാജ്യസഭാ അംഗമായിരുന്ന അദ്ദേഹം കൊൽക്കത്തയിൽ കൊവിഡ് ബാധിച്ച് മരണപ്പെടുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് . തൃണമൂൽ കോൺഗ്രസ് എം.എൽ.എ തമോനശ് ഘോഷ് കഴിഞ്ഞ ദിവസം കൊവിഡ് രോഗബാധിതനായി മരിച്ചിരുന്നു.