വാഷിംഗ്ടൺ: കൊവിഡ് വ്യാപനം ഒരു പരിധി വരെ തടഞ്ഞു നിറുത്താനായ പല രാജ്യങ്ങളും ഇപ്പോൾ രണ്ടാം ഘട്ട വ്യാപന ഭീതിയിലാണ്. ഇന്തൊനേഷ്യയിൽ ഇന്നലെ മാത്രം 69 പേരാണ് മരിച്ചത്. 1,882 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗികൾ -118,753,ആകെ മരണം - 5,521. അതേസമയം, രാജ്യത്ത് ഉടൻ തന്നെ കൊവിഡ് വാക്സിൻ പരീക്ഷണം മനുഷ്യരിൽ ആരംഭിക്കും. ഇന്തൊനേഷ്യയിലെ ബയോ ഫാർമയും ചൈനയുടെ സിനോവാക് ബയോടെക് ലിമിറ്റഡുമാണ് ഇതിന് പിന്നിൽ.
മൂന്നാംഘട്ട വ്യാപനം രൂക്ഷമായ ഹോങ്കോംഗിൽ ഇന്നലെ 95 കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകൾ വീണ്ടും ഉയർന്നതോടെ ബെൽജിയത്തിൽ നിന്ന് എത്തുന്നവർക്ക് 14 ദിന ക്വാറന്റൈൻ ബ്രിട്ടൻ നിർബന്ധമാക്കി. സ്പെയിൻ, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് നേരത്തെ തന്നെ ഈ നിയമം ബാധകമാക്കിയിരുന്നു.
പോളണ്ടിൽ സ്ഥിതി രൂക്ഷമാണ്. ദിനവും 700ലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉക്രെയ്നിൽ കഴിഞ്ഞ ദിവസം 1,271 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇളവുകൾ നീക്കം ചെയ്തതോടെയാണ് രാജ്യത്ത് വീണ്ടും കൊവിഡ് രൂക്ഷമായത്.
അതേസമയം, ആസ്ട്രേലിയയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെൽബണിൽ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നു. വ്യാപനം ശക്തമാകുന്നതിനെ തുടർന്ന് ജപ്പാനിലെ ഐച്ചിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപനവും മരണനിരക്കും ആഗോളതലത്തിൽ ഏറ്റവും രൂക്ഷമായ ബ്രസീലിലെ തദ്ദേശീയ വിഭാഗങ്ങളെ കൊവിഡ് ഭീഷണിയിൽ നിന്ന് മുക്തരാക്കാൻ 30 ദിനസത്തിനുള്ളിൽ പ്രസിഡന്റ് ബൊൽസൊനാരോ സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് ബ്രസീൽ കോടതി ഉത്തരവിട്ടു.