fb

വാഷിംഗ്​ടൺ: കുട്ടികൾക്ക്​ കൊവിഡ്​ 19 വൈറസിനെ പ്രതിരോധിക്കാനാകുമെന്ന അമേരിക്കൻ പ്രസിഡന്റ്​ ​ഡൊണാൾഡ്​ ട്രംപിന്റെ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്​തു. കൊവിഡ്​ വൈറസ്​ സംബന്ധിച്ച്​ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചുവെന്നാരോപിച്ചാണ്​ നടപടി.

തങ്ങളുടെ പോളിസിക്ക് വിരുദ്ധമായ തരത്തിൽ തെറ്റായ വിവരം പങ്കുവയ്ക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക്​ ട്രംപി​ന്റെ വീഡിയോ നീക്കം ചെയ്​തത്​. ട്വിറ്റർ നിയമങ്ങൾക്കെതിരായ സന്ദേശം എന്ന്​ ചൂണ്ടിക്കാട്ടി ടീം ട്രംപ്​ കാമ്പയിൻ എന്ന അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോ ട്വിറ്റർ നീക്കുകയും ഈ അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്യുകയും ചെയ്​തു.

ട്രംപ് ഫോക്​സ്​ ന്യൂസിന്​ നൽകിയ അഭിമുഖത്തിന്റെ ഒരുഭാഗമാണ്​ ടീം ട്രംപ്​ കാമ്പയിനേഴ്​സ്​ പങ്കുവച്ചത്. സ്​കൂളുകൾ തുറക്കാമെന്ന് പറഞ്ഞ ട്രംപ്​ മിക്കകുട്ടികൾക്കും വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. കുട്ടികൾ​ കൊവിഡിനെ പ്രതിരോധിക്കുമെന്നതിൽ യാതൊരു വിധത്തിലുമുള്ള കണ്ടെത്തലും ഇതുവരെ വന്നിട്ടില്ല. ''വീഡിയോയിൽ ഒരു കൂട്ടം ആളുകൾ കൊവിഡിൽ നിന്ന് രക്ഷപ്പെടുന്നുവെന്ന തെറ്റായ അവകാശവാദങ്ങൾ ഉൾപ്പെടുന്നു. കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തങ്ങളുടെ നയങ്ങളുടെ ലംഘനമാണ്''- ഫേസ്ബുക് പോളിസി വക്താവ് ആൻഡി സ്റ്റോൺ പ്രസ്താവനയിൽ അറിയിച്ചു.