ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ട് തുറമുഖത്തുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ തകർന്നത് രാജ്യത്തെ ഏറ്റവും വലിയ ധാന്യപ്പുരകളിലൊന്ന്. സ്ഫോടനത്തിൽ ടൺ കണക്കിന് ഗോതമ്പ് നശിച്ചതോടെ ലബനനിൽ ഇനി ഒരു മാസത്തേയ്ക്കുള്ള ധാന്യങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് ധനമന്ത്രി റവൂൾ നഹ്മി അറിയിച്ചു. അതേസമയം, ധാന്യങ്ങളുമായി കൂടുതൽ കപ്പലുകൾ രാജ്യത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി മൂന്ന് മാസത്തേക്കെങ്കിലുമുള്ള ധാന്യം സംഭരിക്കേണ്ടതുണ്ടെന്നും സംഭരണത്തിനായി കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ആറ് കോടിയോളം ജനസംഖ്യയുള്ള ലെബനനിലെ ഇറക്കുമതിയിൽ ഭൂരിഭാഗവും നടക്കുന്ന ബെയ്റൂട്ട് തുറമുഖം സ്ഫോടനത്തിൽ ഏതാണ്ട് പൂർണമായി തകർന്നു. ഇതിനൊപ്പമാണ് രാജ്യത്ത് ധാന്യം സംഭരിക്കുന്ന ഏറ്റവും വലിയ സൈലോയും തകർന്നത്. സ്ഫോടനം നടക്കുമ്പോൾ ബെയ്റൂട്ട് സൈലോയിൽ 15,000 ടൺ ഗോതമ്പാണ് ഉണ്ടായിരുന്നത്.
ബെയ്റൂട്ടിലെ ഉഗ്രസ്ഫോടനത്തിനുള്ള കാരണമന്വേഷിക്കുകയാണ് ലോകം. ഇത്രയും സ്ഫോടകശേഷിയുള്ള വസ്തുക്കൾ തുറമുഖത്തെ സംഭരണകേന്ദ്രത്തിൽ സൂക്ഷിച്ചതെന്തിന്, അത് എവിടെ നിന്നുള്ളതാണ് എന്നൊക്കെയുള്ള ചോദ്യങ്ങളാണുയരുന്നത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി ഉയർന്നു. 2013ൽ ഒരു ചരക്കുകപ്പലിൽനിന്നു പിടിച്ചെടുത്ത 2750 അമോണിയം നൈട്രേറ്റിനാണ് ചൊവ്വാഴ്ച തീപിടിച്ചത്. എന്നാൽ, ഇതു സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടർന്നതെങ്ങനെയെന്നു വ്യക്തമല്ല. വളം നിർമാണത്തിനും സ്ഫോടകവസ്തുവായും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റിന്റെ ശേഖരം സുരക്ഷാഭീഷണിയാണെന്ന് പലവട്ടം മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഉത്തരവാദികളായ തുറമുഖ ഉദ്യോഗസ്ഥരെ മുഴുവൻ വീട്ടുതടങ്കലിൽ വയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. സംഭവത്തിന് തീവ്രവാദ ബന്ധങ്ങളില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തലെന്ന് ലെബനൻ ജനറൽ സെക്യൂരിറ്റി സർവീസ് മേധാവി മേജർ ജനറൽ അബ്ബാസ് ഇബ്രാഹിം പ്രതികരിച്ചു. സത്യാവസ്ഥ അറിയുന്നതിന് മുമ്പ് സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
റോസസ് കപ്പൽ
ബെയ്റൂട്ടിൽ കുടുങ്ങിയത്
2013 നവംബറിൽ ജോർജിയയിൽ നിന്നു മൊസാംബിക്കിലേക്കു പോയ മാൾഡോവൻ പതാക വഹിച്ച റഷ്യൻ ചരക്കുകപ്പൽ ദ റോസസ് വിവിധ കാരണങ്ങളാൽ ബെയ്റൂട്ട് തുറമുഖത്തു പിടിച്ചിടുകയായിരുന്നു. നിയമതടസങ്ങൾ നീണ്ടതോടെ ഉടമസ്ഥർ കപ്പൽ ഉപേക്ഷിച്ചു.
ഇതോടെയാണ് കപ്പലിലെ വൻ അമോണിയം നൈട്രേറ്റ് ശേഖരം തുറമുഖത്തെ ഒരു സംഭരണകേന്ദ്രത്തിലേക്കു മാറ്റിയത്. 2014നും 2017നുമിടയിൽ കസ്റ്റംസ് അധികൃതർ ഇത് നീക്കം ചെയ്യാനുള്ള അനുമതി തേടി അഞ്ച് കത്തുകൾ ജുഡീഷ്യൽ വകുപ്പിന് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. അങ്ങനെ ഇത് വീണ്ടും ബെയ്റൂട്ടിൽ തന്നെ തുടരുകയായിരുന്നു.
യെമൻ തീരത്തുമുണ്ട് ഒരു 'കപ്പൽബോംബ്'
ഏദൻ: അമോണിയം നൈട്രേറ്റ് ബെയ്റൂട്ടിൽ സ്ഫോടന കാരണമായതുപോലെ യമൻ തീരത്തും ഒരു 'ബോംബ്' ഉപേക്ഷിക്കപ്പെട്ടുകിടപ്പുണ്ട്. 1.1 ദശലക്ഷം വീപ്പ അസംസ്കൃത എണ്ണയുമായി ചെങ്കടലിൽ അഞ്ചുവർഷമായി ഉപേക്ഷിക്കപ്പെട്ടതിന് സമാനമായ രീതിയിൽ കിടക്കുന്ന 'സേഫർ' എന്ന എണ്ണ ടാങ്കറാണ് ആ ബോംബ്. അഞ്ച് വർഷമായി യമനിൽ തുടരുന്ന ആഭ്യന്തര സംഘർഷത്തിന്റെ ഇരയും കൂടിയാണ് ഈ കപ്പൽ.
എൻജിൻ റൂമിൽ അടക്കം വെള്ളം കയറി മുങ്ങാറായി കിടക്കുന്ന ഈ കപ്പൽ യമൻ വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് സമീപമാണുള്ളത്. എൻജിൻ റൂമിൽ കടൽവെള്ളം കയറിയതിനൊപ്പം കപ്പലിന്റെ ഭാഗങ്ങൾ കടലിൽ പതിച്ചിട്ടുമുണ്ട്. അഞ്ചുവർഷമായി അറ്റകുറ്റപ്പണികൾ ഒന്നും നടക്കാത്ത കപ്പലിലുണ്ടാകുന്ന സാങ്കേതിക തകരാറുകൾ തീപിടിത്തത്തിലേക്ക് നയിക്കാമെന്ന ഭീഷണിയുണ്ട്. കപ്പൽ മുങ്ങിയാൽ ചെങ്കടലിൽ എണ്ണ പരന്ന് പരിസ്ഥിതിക്കും കടൽമത്സ്യങ്ങൾക്കും വൻ ദോഷം വരുത്തിവയ്ക്കും. ഈ കപ്പലിലെ എണ്ണ മറ്റ് ടാങ്കറുകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല. കപ്പലിന്റെ കേടുപാടുകൾ വിലയിരുത്താൻ ഐക്യരാഷ്ട്രസഭ വിദഗ്ധരെ അനുവദിക്കാമെന്ന് ഒടുവിൽ ഹൂതികൾ സമ്മതിച്ചിട്ടുണ്ട്.
ഇപ്പോഴും ജീവിച്ചിരിക്കുന്നത് അത്ഭുതം
ബെയ്റൂട്ട്: ഏതൊരു വധുവിനെയും പോലെ വിവാഹ സ്വപ്നങ്ങളുമായി, പുഞ്ചിരിക്കുന്ന മുഖത്തോടെ, വിവാഹ വസ്ത്രവും ധരിച്ച് വീഡിയോയ്ക്ക് പോസ് ചെയ്യുകയായിരുന്നു 29കാരിയായ ഇസ്ര സെബ്ലാനി എന്ന ലെബനീസ് യുവതി. പെട്ടന്നാണ്, ഇടിമുഴക്കത്തെക്കാൾ തീവ്രമായ ഒരു ശബ്ദം കേട്ടത്. ഉടൻ അവൾ അവിടെ നിന്നും ഓടി മറഞ്ഞു. ബെയ്റൂട്ട് സ്ഫോടന ദൃശ്യങ്ങൾക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോകളിലൊന്നാണിത്.
ചൊവ്വാഴ്ച്ച ലെബനൻ തലസ്ഥാനത്തുണ്ടായ തീവ്ര സ്ഫോടന സമയത്താണ് ഇസ്രയുടെ വിവാഹ ഫോട്ടോഷൂട്ടും നടന്നത്. സംഭവം ഓർക്കുമ്പോൾ ഇന്നും കണ്ണുകളിൽ ഭീതിയാണെന്ന് അമേരിക്കയിൽ ഡോക്റായ ഇസ്രയും ഭർത്താവ് അഹ്മദ് സുബെയും പറയുന്നു.
'രണ്ടാഴ്ചയോളമായി വിവാഹ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. വെള്ള വസ്ത്രത്തിൽ എന്റെ മാതാപിതാക്കൾ എന്നെ കാണാൻ പോകുന്നുവെന്നതും ഞാൻ രാജകുമാരിയെപ്പോലെ സുന്ദരിയാകുന്നതുമൊക്കെ സന്തോഷം നൽകുന്ന കാര്യങ്ങളായിരുന്നു. എന്നാൽ, സ്ഫോടനം എല്ലാം മാറ്റിമറിച്ചു. ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നത് അത്ഭുതം.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞാൻ മരിക്കാൻ പോവുകയാണോ എങ്ങനെയാവും മരിക്കുക എന്നെല്ലാം ആലോചിച്ചു. ശബ്ദം കേട്ടയുടൻ ഞങ്ങളെല്ലാം ആ പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
അപകടത്തിലായവരെക്കുറിച്ച് ആലോചിച്ച് ഏറെ വിഷമിച്ചു. ബെയ്റൂത്തിനുണ്ടായ നാശം കണ്ടപ്പോൾ, ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നോർത്ത് ദൈവത്തിന് നന്ദി പറഞ്ഞു'- ഇസ്ര പറയുന്നു.
ഇത്രത്തോളം തീവ്രമായൊരു സ്ഫോടനവും ശബ്ദവും ജീവിതത്തിൽ കേട്ടിട്ടില്ലെന്നാണ് ഇസ്രയുടെ ഭർത്താവ് അഹ്മദ് സുബെ പറയുന്നത്. വിവാഹ ഒരുക്കങ്ങൾക്കായി അമേരിക്കയിൽ നിന്ന് മൂന്നാഴ്ച്ച മുമ്പാണ് ഇസ്ര ലെബനിലെത്തിയത്.