
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിരോധിക്കപ്പെട്ട മേഖലകളിൽ ആദ്യം വരുന്നതാണ് പൊതുഗതാഗതം. സമ്പർക്കം ഏറ്റവുമധികം ഉണ്ടാകുന്ന പൊതുഗതാഗതം വഴി കൊവിഡ് അതിവേഗം പടരും എന്നത് തന്നെ കാര്യം. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇത്തരം പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കാണാനുളള ശ്രമത്തിലാണ് സംസ്ഥാന ഗതാഗത വകുപ്പ്. എങ്ങനെയെന്നാൽ ഇ-ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയാണത്. ആനന്ദ് വിഹാർ ഐഎസ്ബിടി മുതൽ ബദർപൂർ വരെ ഇ-ടിക്കറ്റ് സംവിധാനത്തിന്റെ പരീക്ഷണം നടക്കുകയാണ്. മൂന്ന് ദിവസത്തേക്ക് നടത്തുന്ന പരീക്ഷണം നാളെ സമാപിക്കും.
ബസിൽ കയറിയ ശേഷം ഇ-ടിക്കറ്റിംഗ് ആപ്പ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം. ആപ്പ് ഗൂഗിൾ പ്ളേസ്‌റ്റോറിൽ ലഭ്യമാകും. ഈ റൂട്ടിലെ എല്ലാ ബസുകളിലും പരമാവധി ഇക്കാര്യങ്ങൾ വിശദമാക്കി പരസ്യം നൽകി കഴിഞ്ഞു.
സമ്പർക്കമില്ലാത്ത ടിക്കറ്റ് സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് ഒരു ടാസ്‌ക് ഫോഴ്‌സിനെ ഏർപ്പെടുത്തിയതായി ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് അറിയിച്ചു. ബസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്‌കാൻ ചെയ്‌തോ, ടിക്കറ്റ് വാങ്ങാനുളള ഓപ്ഷൻ വഴിയോ പുതിയ ടിക്കറ്റ് എടുക്കാം.