ബീജിംഗ് : ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. ഈ സത്യവാചകങ്ങൾ ലംഘിച്ച് നിരപരാധിയായ ഒരു മനുഷ്യനെ ജയിലിലടച്ചു. ഒടുവിൽ സത്യം തിരിച്ചറിഞ്ഞ് നീതിപീഠം അയാളെ കുറ്റവിമുക്തനാക്കി. നീണ്ട 27 വർഷത്തെ ജയിൽ വാസത്തിന് ശേഷം. !
ചൈനയുടെ ചരിത്രത്തിൽ തന്നെ കുറ്റം ചെയ്യാതെ ഏറ്റവും ദൈർഘ്യമേറിയ തടവ് ശിക്ഷയ്ക്ക് വിധേയനായ വ്യക്തിയായി മാറിയിരിക്കുകയാണ് 53 കാരനായ ഷാംഗ് യുഹുവാൻ. കഴിഞ്ഞ ദിവസമാണ് ഷാംഗ് ജയിൽമോചിതനായത്. കിഴക്കൻ ജിയാംഗ്ഷി പ്രവിശ്യയിലെ സുപ്രീം പീപ്പിൾസ് കോടതി തെളിവുകളുടെ അഭാവത്തിൽ ഷാംഗ് നിരപരാധിയാണെന്ന് വിധിക്കുകയായിരുന്നു. ദീർഘനാളായി നീണ്ടു നിന്ന നിയമയുദ്ധത്തിനൊടുവിലാണ് ഷാംഗിന് നീതി ലഭിച്ചത്.
ചൈനയിലെ നീതിന്യായ വ്യവസ്ഥയ്ക്കുള്ളിലെ തന്നെ പോരായ്മകൾ തുറന്നു കാട്ടിയതാണ് ഷാംഗിന്റെ കേസ്. 1993ലാണ് കേസിനാസ്പദമായ സംഭവം. ജിയാംഗ്ഷി പ്രവിശ്യയിലെ നാൻചാംഗ് നഗരത്തിൽ രണ്ട് ആൺകുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികളുടെ അയൽക്കാരനായ ഷാംഗ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വിധിയെഴുതി. 1995ൽ ഷാംഗിന് കോടതി വധശിക്ഷ വിധിച്ചു. എന്നാൽ രണ്ട് വർഷക്കാലയളവിനിടെ മറ്റ് കുറ്റങ്ങളിലൊന്നും ഏർപ്പെടാതിരുന്നാൽ വധ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുമെന്നും കോടതി അറിയിച്ചു.
ഷാംഗ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. താൻ ആരെയും കൊന്നിട്ടില്ലെന്നും ചോദ്യം ചെയ്യലിനിടെ പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചതായും ഷാംഗ് കോടതിയിൽ പറഞ്ഞു. പുനർ വിചാരണയ്ക്ക് കോടതി ഉത്തരവിട്ടെങ്കിലും അത് നടന്നത് 2001 നവംബറിലാണ്. എന്നാൽ ചൈനീസ് ഇന്റർമീഡിയറ്റ് കോടതി ആദ്യ വിധി ശരിവയ്ക്കുകയും ഷാംഗിന്റെ അപ്പീൽ തള്ളുകയും ചെയ്തു.
ഷാംഗ് നിരപരാധിയാണെന്ന് കുടുംബം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം മാർച്ചിൽ ജിയാംഗ്ഷി സുപ്രീം പീപ്പിൾസ് കോടതിയിൽ കേസ് വീണ്ടും തുറന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഷാംഗ് നിരപരാധിയാണെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഷാംഗ് കൊല ചെയ്തെന്ന് തെളിയിക്കാനുള്ള യാതൊരു തെളിവുകളും ഇല്ലായിരുന്നു. തന്റെ 27 വർഷങ്ങൾ നഷ്ടപ്പെടുത്തിയതിന് ഷാംഗിന് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.
ഷംഗിന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗമാണ് നഷ്ടമായത്. ഷാംഗിന്റെ രണ്ട് ആൺ മക്കളുടെയും വിവാഹം കഴിഞ്ഞു. ഇനി വയസായ അമ്മയെ നല്ലരീതിയിൽ നോക്കണമെന്നാണ് ഷാംഗിന്റെ ആഗ്രഹം. കഴിഞ്ഞ കുറേ വർഷങ്ങളായി ചൈനീസ് നീതിന്യായ, നിയമ വ്യവസ്ഥകൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ രൂക്ഷ വിമർശനം ഉയർത്തുന്നുണ്ട്. അന്യായമായ വിചാരണവും, കസ്‌റ്റഡി പീഡനങ്ങളും അനധികൃത തടങ്കൽ വയ്ക്കലുമൊക്കെ ചൈനയിൽ വർദ്ധിക്കുന്നതായി അന്താരാഷ്ട്ര തലത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ഇതാദ്യമയല്ല, ചൈനയിൽ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നത്. 2013ൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന പേരിൽ ശിക്ഷിപ്പെട്ടിരുന്ന ഒരാൾ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞത് 17 വർഷത്തെ ജീവപര്യന്തത്തിന് ശേഷമായിരുന്നു. 2016ൽ നൈ ഷുബിൻ എന്നയാൾ നിപരാധിയാണെന്ന് കോടതി വിധിച്ചത് അയാള തൂക്കികൊന്ന് രണ്ട് ദശാബ്ദങ്ങൾ പിന്നിട്ടിട്ടാണ്.