inter-milan-europa-league

മാഞ്ചസ്റ്റർ : കഴിഞ്ഞ ദിവസം പുനരാരംഭിച്ച യൂറോപ്പ ലീഗ് ഫുട്ബാളിൽ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനും തകർപ്പൻ വിജയം. ഒരു പാദമായി ചുരുക്കിയ പ്രീക്വാർട്ടറിൽ സ്പാനിഷ് ക്ളബ് ഗെറ്റാഫെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഇന്റർ ക്വാർട്ടറിലെത്തുകയായിരുന്നു. ലോക്ക്ഡൗണിന് മുമ്പ് ആസ്ട്രിയൻ ക്ളബ് ലാസ്കിനെതിരായ ആദ്യ പാദ പ്രീക്വാർട്ടറിൽ 5-0 ത്തിന് ജയിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 2-1ന് വിജയം നേടി 7-1 എന്ന ഗോൾ മാർജിനിൽ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.ഉക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്ക്,ഡെന്മാർക്ക് ക്ളബ് കോബെൻഹാവൻ എന്നിവരും ക്വാർട്ടറിലെത്തിയിട്ടുണ്ട്.

ജർമ്മനിയിൽ വച്ച് നടന്ന ഏകപാദ പ്രീക്വാർട്ടറിൽ ഇരു പകുതികളിലായി ഒാരോ ഗോൾ വീതമാണ് ഇന്റർ നേടിയത്. സ്റ്റാർസ്ട്രൈക്കർമാരായ റൊമേലു ലുക്കാക്കുവും ക്രിസ്റ്റ്യൻ എറിക്സണുമാണ് സ്കോർ ചെയ്തത്. 33-ാം മിനിട്ടിൽ ലുക്കാക്കുവാണ് ആദ്യം ഗോളടിച്ചത്. 83-ാം മിനിട്ടിലായിരുന്നു എറിക്സണിന്റെ ഗോൾ.പത്താം തീയതി രാത്രി ഇന്ത്യൻ സമയം 12.30ന് നടക്കുന്ന ക്വർാട്ടർ ഫൈനലിൽ റേഞ്ചേഴ്സ്-ലെവർകൂസൻ മത്സരത്തിലെ വിജയിയെയാണ് ഇന്റർ നേരിടേണ്ടത്.

ആദ്യ പാദത്തിൽ മറുപടി ഇല്ലാത്ത അഞ്ചുഗോളുകകൾക്ക് വിജയിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ രാത്രി സ്വന്തം മൈതാനത്ത് ആദ്യ പകുതിയിൽ ഗോൾ രഹിതമായി പിരിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാസ്ക് ഒരു ഗോൾ അടിച്ചപ്പോഴാണ് ചുവപ്പുകുപ്പായക്കാർക്ക് ബോധം വീണത്.ആദ്യ ഗോൾ വീണ് രണ്ട് മിനിട്ടിനകം സമനില പിടിച്ച അവർ കളി തീരുന്നതിന് മുമ്പ് വിജയഗോളും നേടി. 55-ാം മിനിട്ടിൽ വേയ്സിംഗറിലൂടെയാണ്ലാസ്ക് ആദ്യ ഗോൾ നേടിയത്. 57-ാം മിനിട്ടിൽ ജെസി ലിൻഗാർഡ് സമനില പിടിച്ചു.88-ാം മിനിട്ടിൽ അന്തോണി മാർഷ്യലാണ് വിജയഗോൾ നേടിയത്.

ക്വാർട്ടറിൽ കോബൻ ഹാവനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ആദ്യ പാദത്തിൽ 1-0ത്തിന് തങ്ങളെ തോൽപ്പിച്ചിരുന്ന ഇസ്താംബുൾ ബസ്തക്കേയ്റിനെ രണ്ടാം പാദത്തിൽ 3-0ത്തിന് കീഴടക്കിയാണ് കോബൻ ഹാവൻ ക്വാർട്ടറിലെത്തിയത്. കോബൻ ഹാവന് വേണ്ടി വിൻഡ് രണ്ടുഗോളുകളും ഫാൽക്ക് ഒരു ഗോളും നേടി.

ആദ്യ പാദത്തിൽ 2-1ന് വിജയിച്ചിരുന്ന ഷാക്തർ ഡോണെസ്ക് രണ്ടാം പാദ പ്രീക്വാർട്ടറിൽ വോൾവ്സ്ബർഗിനെതിരെ 3-0ത്തിന് ജയിച്ച് 5-1 എന്ന മാർജിനിലാണ് അവസാന എട്ടിലേക്ക് കടന്നത്. വിജയികൾക്ക് വേണ്ടി ജൂനിയർ മൊറേയ്സ് രണ്ട് ഗോളുകൾ നേടിയപ്പോൾ സോളമൻ ഒരുഗോൾ നേടി.എയ്ൻട്രാൻക്ടും ബാസലും തമ്മിലുള്ള പ്രീക്വാർട്ടറിലെ വിജയിയെയാണ് ഷാക്തർ ക്വാർട്ടറിൽ നേരിടേണ്ടത്.

മത്സര ഫലങ്ങൾ

ഇന്റർ മിലാൻ 2- ഗെറ്റാഫെ 0

മാഞ്ചസ്റ്റർ യുണൈറ്റഡ് 2- ലാസ്ക് 1

ഷാക്തർ 3- വോൾവ്സ്ബർഗ് 0

കോബൻഹാവെൻ 3- ഇസ്താംബുൾ 0