shya

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുതിർന്ന സി.പി.എം നേതാവും കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ശ്യാമൾ ചക്രബർത്തി (77) കൊവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിൽ ഇന്നലെയായിരുന്നു അന്ത്യം.

കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹത്തെ ജൂലായ് 30നാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. പശ്ചിമ ബംഗാളിലെ ട്രേഡ് യൂണിയൻ നേതാവുകൂടി ആയിരുന്ന ചക്രബർത്തി 1982 മുതൽ 1996 വരെയുള്ള കാലത്ത് മൂന്നു തവണ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. രണ്ടു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചു. തൃണമൂൽ കോൺഗ്രസ് എം.എൽ.എ തമോനാഷ് ഘോഷിന് ശേഷം പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മുതിർന്ന രാഷ്ട്രീയ നേതാവാണ് ചക്രബർത്തി. ബംഗാളി ചലച്ചിത്ര നടി ഉഷാസി ചക്രബർത്തി മകളാണ്.