kar

ബംഗളുരു: കർണാടകയിൽ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്ത് പ്രളയ സാദ്ധ്യതയെന്നാണ് വിലയിരുത്തൽ. വിവിധ ജില്ലകളിലായി ഒമ്പത് ഇടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായെന്നും അടിയന്തരമായി ദുരന്ത നിവാരണ നടപടികൾ ആരംഭിച്ചെന്നും റവന്യു മന്ത്രി ആർ.അശോക അറിയിച്ചു. ദുരന്ത നിവാരണ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കുടകിലും മൈസൂരിലും സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തൽ. കുടക് മടിക്കേരി താലൂക്കിലെ തലക്കാവേരിയിൽ മണ്ണിടിഞ്ഞ് നാല് പേരെ കാണാതായി. തലക്കാവേരിയിലെ ക്ഷേത്രത്തിലെ പ്രധാന പൂ‍ജാരിയുൾപ്പടെയുള്ളവരെയാണ് കാണാതായത്. ദേശീയദുരന്ത നിവാരണ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൈസൂരു, ശിവമോഗ, ബെലഗാവി ജില്ലകളിലും കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടയിലായി. അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാകളക്ടർമാർക്ക് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ നിർദ്ദേശം നൽകി. 50 കോടി രൂപ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. നിലവിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

മുംബയിൽ കനത്തമഴ: ജാഗ്രതാനിർദേശം

നിർത്താതെ പെയ്യുന്ന കനത്ത മഴയും കാറ്റും നഗരത്തെയും സമീപ പ്രദേശങ്ങളെയും ബാധിച്ചതിനാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ മുംബയ് പൊലീസ് മുന്നറിയിപ്പ് നൽകി. മുംബയിലെ കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. നിരവധി മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു. മുംബയിലെ ട്രെയിൻ സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവെച്ചതായി റെയിൽവെ അറിയിച്ചു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നോടുകൂടി മഴകുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.