ടൂറിൻ : കൊവിഡ് മൂലം തടസപ്പെട്ടിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കുകയാണ്. പ്രീ ക്വാർട്ടറുകൾ പാതിവഴിയെത്തിയപ്പോഴാണ് ലീഗ് തടസപ്പെട്ടത്. പൂർത്തിയാകാനുള്ള പ്രീ ക്വാർട്ടർ ഫൈനലുകളാണ് ഇന്നും നാളെയുമായി നടക്കുക. ഇന്ന് നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങളിൽ യുവന്റസ് ഒളിമ്പിക് ലിയോണിനെയും മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിനിനെയും നേരിടും. നാളെ ബാഴ്സലോണ നാപ്പോളിയെയും ചെൽസി ബയേണിനെയും നേരിടും.
യുവന്റസ് Vs ഒളിമ്പിക് ലിയോൺ
ഇന്ത്യൻ സമയം രാത്രി 12.30 മുതൽ
ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ചാമ്പ്യൻസ് ലീഗിൽ ക്വർട്ടറിലെത്തുമോ എന്ന് ഇന്നറിയാം.
ദ്യ പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി വഴങ്ങിയിരുന്ന ഇറ്റാലിയൻ ചാമ്പ്യൻമാർക്ക് ഇന്ന് ഹോം മാച്ചാണ്.
ഇൗ മത്സരത്തിൽ സമനില വഴങ്ങിയാൽപോലും ക്വാർട്ടറിലെത്തും എന്നതിനാൽ പ്രതിരോധാത്മ ഗെയിമാകും ഫ്രഞ്ച് ക്ളബ് പുറത്തെടുക്കുക.
ഇറ്റാലിയൻ സെരി എയിൽ ചാമ്പ്യന്മാരായെങ്കിലും അവസാനഘട്ടത്തിൽ വളരെ മോശം പ്രകടനത്തിലേക്ക് വഴുതിവീണത് യുവന്റസിന് തിരിച്ചടിയാണ്.
സെരി എയിലെ അവസാന രണ്ട് മത്സരങ്ങളിലും യുവന്റസ് തോൽക്കുകയായിരുന്നു. അവസാന എട്ട് കളികളിൽ വിജയിച്ചത് രണ്ടെണ്ണത്തിൽ മാത്രമാണ്.
എ.എസ് റോമയ്ക്ക് എതിരെയായിരുന്നു യുവന്റസിന്റെ അവസാന തോൽവി. ചാമ്പ്യൻസ് ലീഗ് മുൻ നിറുത്തി ഇൗ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.നേരിയ പരിക്കുമൂലം പൗളോ ഡിബാലയും കളിച്ചിരുന്നില്ല.
ഇരുവരും മടങ്ങിയെത്തുന്നതോടെ തന്റെ ടീം ശക്തി വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് യുവന്റസ് കോച്ച് മൗറീഷ്യോ സറി.
ക്ളബിന്റെ പരിശീലകസ്ഥാനത്ത് സറിക്ക് തുടരുവാൻ കഴിയുമോ എന്ന കാര്യത്തിൽ നിർണായസ്വാധീനം ചെലുത്താൻ ചാമ്പ്യൻസ് ലീഗിലെ പ്രകടനത്തിന് കഴിയും.
മാഞ്ചസ്റ്റർ സിറ്റി Vs റയൽ മാഡ്രിഡ്
(രാത്രി 12.30 മുതൽ )
ലോക്ക്ഡൗണിന് മുമ്പ് നടന്ന ആദ്യ പാദ പ്രീക്വാർട്ടറിൽ 2-1ന് മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു.
എന്നാൽ ഇന്ന് സ്വന്തം തട്ടകത്തിൽ റയലിനെ നേരിടാൻ ഇറങ്ങുമ്പോൾ സമ്മർദ്ദം കൂടുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാകും. ലോക്ക്ഡൗണിന് ശേഷം റയൽ കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനം തന്നെയാണ് ഇതിന് കാരണം.
മാർച്ചിൽ സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് പിന്നിലായിരുന്ന റയൽ മാഡ്രിഡ് കളി പുനരാരംഭിച്ചശേഷം ഒന്നിന് പിന്നാലെ ഒന്നായി വിജയങ്ങൾനേടി കിരീടം നേടിയിരുന്നു.
നായകൻ സെർജിയോ റാമോസ്, സ്ട്രൈക്കർ കരിം ബെൻസേമ, മിഡ്ഫീൽഡർ ലൂക്കാ മൊഡ്രിച്ച് തുടങ്ങിയവരാണ് റയലിന്റെ കരുത്ത്.
റഹിം സ്റ്റെർലിംഗ്.ഡേവിഡ് സിൽവ,കെവിൻ ഡിബ്രുയാൻ തുടങ്ങിയവരാണ് സിറ്റിയുടെ കരുത്ത്.
യൂറോപ്പിലെ ചെറുപ്പക്കാരായ രണ്ട് പ്രഗത്ഭ പരിശീലകർ- റയലിന്റെ സിനദിൻ സിദാനും സിറ്റിയുടെ പെപ് ഗ്വാർഡിയോളയും - മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്.
ടി വി ലൈവ് : സോണി ടെൻ ,സിക്സ്ചാനലുകളിൽ