sadiya

ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാദിയ ദഹ്ൽവി ഡൽഹിയിൽ അന്തരിച്ചു. 63 വയസായിരുന്നു. ദീർഘകാലമായി അർബുദ ബാധിതയായിരുന്നു. അർമാൻ അലി ദഹ്ൽവി മകനാണ്. സൂഫിസം ദി ഹാർട്ട് ഒഫ് ഇസ്ലാം, കോർട്ട് യാർഡ്: ദി ദർഗാസ് ഒഫ് ഡൽഹി എന്നിവയാണ് ദഹ്ൽവിയുടെ പ്രസിദ്ധമായ പുസ്തകങ്ങൾ. 1938ൽ ഉർദുവിലെ പ്രസിദ്ധമായ സിനിമാ, സാഹിത്യ മാസികയായിരുന്ന ഷമയ്ക്ക് തുടക്കമിട്ടത് സാദിയയുടെ മുത്തച്ഛനായിരുന്ന ഹാഫിസ് യൂസുഫ് ദഹ്ൽവിയാണ്. ഭക്ഷണ വിഭവങ്ങളെകുറിച്ചുള്ള ആധികാരികമായ ലേഖനങ്ങളിലൂടെ ശ്രദ്ധേയയാണ് സാദിയ. 2017ൽ ഡൽഹിയിലെ ഭക്ഷണ വൈവിധ്യത്തെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി. 'ജാസ്മിൻ ആൻഡ് ജിൻസ്: മെമ്മറീസ് ആൻഡ് റെസീപ്പീസ് ഒഫ് ഡൽഹി' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സോഹ്റ സെഹ്ഗാൾ അഭിനയിച്ച അമ്മ ആൻഡ് ഫാമിലി (1995) അടക്കം നിരവധി ടെലിവിഷൻ പരിപാടികൾക്കും ഡോക്യുമെന്ററികൾക്കും തൂലിക ചലിപ്പിച്ചു. എഴുത്തുകാരൻ ഖുശ്വന്ത് സിംഗിന്റെ അടുത്ത സൂഹൃത്ത് കൂടിയാണ് സാദിയ. തന്റെ പുസ്തകമായ 'നോട്ട് എ നൈസ് മാൻ ടൂ നോ' ഖുശ്വന്ത് സിംഗ് സമർപ്പിച്ചത് സാദിയയ്ക്കായിരുന്നു.